
ടെഹ്‌റാൻ: തെക്കൻ ഇറാനിലെ റേഡിയോ-ടെലിവിഷൻ സംപ്രേഷണ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു. ഹോർമുസ് കടലിടുക്കിന് സമീപമുള്ള തുറമുഖ നഗരമായ ബന്ദർ അബ്ബാസിലെ ‘പേർഷ്യൻ ഗൾഫ് റേഡിയോ ആൻഡ് ടെലിവിഷൻ സെൻ്ററിന്’ നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (IRGC) ബന്ധമുള്ള തസ്നിം വാർത്താ ഏജൻസിയാണ് വിവരം പുറത്തുവിട്ടത്. ബ്രോഡ്കാസ്റ്റ് സ്റ്റേഷനിലെ ട്രാൻസ്മിറ്ററാണ് ആക്രമിക്കപ്പെട്ടത്.
ആക്രമണത്തിന് പിന്നിൽ അമേരിക്കയും ഇസ്രായേലുമാണെന്ന് ഇറാൻ ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ സംബന്ധിച്ച് സ്വതന്ത്രമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയാണ് തന്ത്രപ്രധാനമായ സംപ്രേഷണ കേന്ദ്രത്തിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.
അതേസമയം, യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി പൂർണ്ണമായി തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ്ജനിലയങ്ങൾ തകർക്കുമെന്ന് ട്രംപ് 48 മണിക്കൂർ അന്ത്യശാസനം നൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചതും ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും ലോക സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്.
Attack on Persian news outlet: One killed; Iran says US and Israel behind it















