
ടെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനെയും ഖോം നഗരത്തെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ടോൾ സ്റ്റേഷന് സമീപം വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ മൂന്ന് റെഡ് ക്രസൻ്റ് സന്നദ്ധപ്രവർത്തകർക്ക് പരുക്കേറ്റു. ഇറാനിയൻ റെഡ് ക്രസൻ്റ് സൊസൈറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റ മൂന്ന് ജീവനക്കാരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൽ സംഘടനയുടെ ദുരിതാശ്വാസ കേന്ദ്രത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ആകാശത്ത് യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതായും പിന്നാലെ ഒരേസമയം രണ്ട് സ്ഫോടനങ്ങൾ ഉണ്ടായതായും പരുക്കേറ്റവരിൽ ഒരാൾ ഇറാനിയൻ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങൾ വശത്തേക്ക് മാറിയപ്പോഴേക്കും മൂന്നാമത്തെ പ്രഹരത്തിൽ ഞാൻ തെറിച്ചുവീണു,” അദ്ദേഹം വെളിപ്പെടുത്തി. ഇറാനിലെ മെഹർ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
Attack on Red Crescent center in Tehran: Three injured
















