അമേരിക്കൻ ബാങ്കുകൾ ആക്രമിച്ചത് ഇറാൻ തന്നെ, ഇറാനിയൻ ബാങ്കുകളെ ആക്രമിച്ചതിനുള്ള മറുപടിയെന്ന് ഐആർജിസി; മേഖലയിൽ കനത്ത ആശങ്ക

ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ ബാങ്ക് ശാഖകൾക്ക് നേരെ നടന്ന ആക്രമണങ്ങൾ തങ്ങൾ നടത്തിയ പ്രത്യാക്രമണമാണെന്ന് സ്ഥിരീകരിച്ച് ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്. ശത്രുപക്ഷമായ അമേരിക്ക രണ്ട് ഇറാനിയൻ ബാങ്കുകൾക്ക് നേരെ നടത്തിയ അധിനിവേശത്തിന് നൽകിയ മറുപടിയാണിതെന്ന് ഐആർജിസി വക്താവ് സർദാർ നൈനി വ്യക്തമാക്കി. ഇറാന്‍റെ തസ്നിം വാർത്താ ഏജൻസിയാണ് നൈനിയെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്.

അമേരിക്ക ഇത്തരം നടപടികൾ ആവർത്തിക്കുകയാണെങ്കിൽ മേഖലയിലെ എല്ലാ യുഎസ് ബാങ്ക് ശാഖകളും തങ്ങളുടെ നിയമാനുസൃത ലക്ഷ്യങ്ങളായിരിക്കുമെന്ന് അദ്ദേഹം കടുത്ത മുന്നറിയിപ്പ് നൽകി. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ മേഖലയിൽ തുടർച്ചയായി ഉണ്ടായ രണ്ട് ആക്രമണങ്ങളെത്തുടർന്ന് സിറ്റി ഗ്രൂപ്പ്, സ്റ്റാൻഡേർഡ് ചാർട്ടേഡ് തുടങ്ങിയ പ്രമുഖ അമേരിക്കൻ ധനകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ ഓഫീസുകളിൽ നിന്ന് ജീവനക്കാരെ ഒഴിപ്പിക്കുകയും വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്.

അതേസമയം, നിലവിലെ സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്ത് ഖത്തറിലെ തങ്ങളുടെ ശാഖകൾ എച്ച്എസ്ബിസി താൽക്കാലികമായി അടച്ചുപൂട്ടി. മേഖലയിലെ തങ്ങളുടെ ജീവനക്കാർക്കായി റിമോട്ട് വർക്കിംഗ് പോളിസികൾ നടപ്പിലാക്കിയതായും ബാങ്ക് അധികൃതർ അറിയിച്ചു. പശ്ചിമേഷ്യൻ സാമ്പത്തിക മേഖലയിൽ വലിയ ആശങ്ക പടർത്തുന്നതാണ് ഇറാന്റെ പുതിയ നീക്കങ്ങൾ.

More Stories from this section

family-dental
witywide