
ലോസ് ഏഞ്ചൽസ്: പ്രമുഖ ഗായിക റിയാനയുടെ ലോസ് ഏഞ്ചൽസിലുള്ള വീടിനുനേരെ സെമി ഓട്ടോമാറ്റിക് റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്ത യുവതിക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെ ഒരു ഡസനിലധികം കുറ്റങ്ങൾ ചുമത്തി. ഒർലാൻഡോ സ്വദേശിനിയായ 35-കാരി ഇവാൻ ലിസെറ്റ് ഓർടിസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് റിയാനയുടെ ബെവർലി ക്രസ്റ്റ് വസതിയിലായിരുന്നു സംഭവം. ആർക്കും പരിക്കേറ്റിട്ടില്ല. വെടിവെയ്പ്പ് നടക്കുമ്പോൾ റിയാനയും പങ്കാളി എസാപ് റോക്കിയും പുരയിടത്തിലെ ഒരു കാമ്പറിലായിരുന്നു. ഇവരുടെ മൂന്ന് മക്കളും റിയാനയുടെ അമ്മയും രണ്ട് ജീവനക്കാരും വീട്ടിലുണ്ടായിരുന്നു.
റിയാനയുടെ വീടിന് പുറമെ അയൽപക്കത്തെ മറ്റൊരു വീടിന് നേരെയും യുവതി വെടിയുതിർത്തതായി പ്രോസിക്യൂട്ടർമാർ അറിയിച്ചു. കൊലപാതകശ്രമം, ജനവാസമുള്ള കെട്ടിടത്തിന് നേരെ വെടിയുതിർക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാം.
എന്തിനാണ് ഇവർ വെടിയുതിർത്തതെന്നോ റിയാനയുമായി ഇവർക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നോ ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിക്ക് റൈഫിൾ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മാർച്ച് 25-നാണ് കേസിൻ്റെ വാദം കേൾക്കുന്നത്. നിലവിൽ 1.875 ദശലക്ഷം ഡോളർ ജാമ്യത്തുകയിലാണ് പ്രതിയെ തടവിൽ പാർപ്പിച്ചിരിക്കുന്നത്.
Attempted murder of famous singer Rihanna; Woman arrested for shooting at residence















