
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകൾക്കെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. “ആറ്റുകാലമ്മ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ?” എന്ന് പരിഹാസരൂപേണ ചോദിച്ച കോടതി, ഭക്തിയുടെ മറവിൽ നടത്തുന്ന ഇത്തരം നിയമലംഘനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ഫ്ലക്സുകളിൽ ദേവിയുടെ ചിത്രത്തേക്കാൾ വലുപ്പത്തിൽ സ്പോൺസർമാരുടെ മുഖങ്ങളാണ് കാണുന്നതെന്നും, ദൈവത്തെപ്പോലും ഇത്തരം പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ഖേദകരമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു.
നഗരത്തിലെ പാതയോരങ്ങളിലും നടപ്പാതകളിലും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സമാകുന്ന രീതിയിൽ സ്ഥാപിച്ചിട്ടുള്ള എല്ലാ ബോർഡുകളും അടിയന്തരമായി നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു. പൊങ്കാല പ്രമാണിച്ച് സ്ഥാപിച്ച ഫ്ലക്സുകൾ നീക്കം ചെയ്യുന്നതിൽ കോർപ്പറേഷനും പോലീസും വീഴ്ച വരുത്തിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
തിരുവനന്തപുരം നഗരസഭയുടെ അനുമതിയില്ലാതെയാണ് ഭൂരിഭാഗം ബോർഡുകളും സ്ഥാപിച്ചിട്ടുള്ളതെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. കോടതി ഉത്തരവുകൾ നിലനിൽക്കെ തന്നെ ഇത്തരത്തിൽ നിയമലംഘനം നടക്കുന്നത് ഗൗരവകരമാണെന്ന് കോടതി പറഞ്ഞു. നഗരത്തിന്റെ സൗന്ദര്യം നശിപ്പിക്കുന്നതിനൊപ്പം അപകടങ്ങൾക്കും കാരണമാകുന്ന ഈ ബോർഡുകൾ നീക്കം ചെയ്തതിനെക്കുറിച്ചുള്ള റിപ്പോർട്ട് അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ സമർപ്പിക്കാനും കോടതി അധികൃതരോട് ആവശ്യപ്പെട്ടു.











