അമേരിക്കയിലെ യുവാക്കൾക്ക് ഇനി രജിസ്ട്രേഷൻ തലവേദനയില്ല; സൈനിക പട്ടികയിൽ പേര് തനിയെ വരും, ആരൊക്കെ ഒഴിവാകും? അറിയാം ഇക്കാര്യങ്ങൾ

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ യുവാക്കളെ സൈനിക സേവനത്തിനുള്ള പട്ടികയിൽ ഇനി മുതൽ തനിയെ പേര് രജിസ്റ്റർ ചെയ്യും. കഴിഞ്ഞ ഡിസംബറിൽ ഒപ്പുവെച്ച നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്ട് (NDAA) പ്രകാരം, ഈ വർഷം ഡിസംബറോടെ പുതിയ സംവിധാനം നിലവിൽ വരും.

നിലവിൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ഭാഗികമായി നിലനിൽക്കുന്ന ഒരു രീതിയെ ഔദ്യോഗികമായി ഏകീകരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. പെൻ്റഗണിൻ്റെ ബജറ്റും പ്രവർത്തന നയങ്ങളും തീരുമാനിക്കുന്ന വാർഷിക നിയമനിർമ്മാണത്തിൻ്റെ ഭാഗമായാണ് ഈ നടപടി. ഇതിന് നിലവിലെ ആഗോള യുദ്ധസാഹചര്യങ്ങളുമായി നേരിട്ട് ബന്ധമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

18-നും 25-നും ഇടയിൽ പ്രായമുള്ള പുരുഷന്മാർ (ഭൂരിഭാഗം കുടിയേറ്റക്കാർ ഉൾപ്പെടെ) സൈനിക സേവന പട്ടികയിൽ പേര് ചേർക്കണമെന്നത് നിയമപരമായ ബാധ്യതയാണ്. മുമ്പ് ഗവൺമെൻ്റ് വെബ്‌സൈറ്റ് വഴിയോ ഡിഎംവി (DMV) ഓഫീസുകൾ വഴിയോ നേരിട്ട് അപേക്ഷ നൽകണമായിരുന്നു. പുതിയ മാറ്റത്തോടെ ഈ നടപടിക്രമങ്ങൾ ഒഴിവാക്കി സിസ്റ്റം തന്നെ ഓട്ടോമാറ്റിക്കായി പേര് ഉൾപ്പെടുത്തും. നിയമപരമായ രേഖകളില്ലാതെ അമേരിക്കയിൽ താമസിക്കുന്ന പുരുഷന്മാരും ഇതിൽ ഉൾപ്പെടും. ടൂറിസ്റ്റ് അല്ലെങ്കിൽ സ്റ്റുഡൻ്റ് വിസ (F-1) പോലുള്ള നോൺ-ഇമിഗ്രൻ്റ് വിസകളിൽ താൽക്കാലികമായി എത്തിയവരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം നിർമ്മിക്കാൻ 6 മില്യൺ ഡോളർ ചെലവ് വരുമെങ്കിലും, ഇത് ദീർഘകാലാടിസ്ഥാനത്തിൽ നികുതിപ്പണം ലാഭിക്കാൻ സഹായിക്കുമെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു. പുതിയ പ്ലാറ്റ്‌ഫോം നിർമ്മാണത്തിലാണ്. ഇത് പൂർണ്ണമായും സജ്ജമാകാൻ 2026 ഡിസംബർ വരെ സമയം എടുക്കും എന്നാണ് കണക്കാക്കുന്നത്. അതുവരെ നിലവിലെ ‘സെൽഫ്-രജിസ്ട്രേഷൻ’ രീതി തുടരും. സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ പോലുള്ള വിവിധ വകുപ്പുകളിലെ വിവരങ്ങൾ ഉപയോഗിച്ചാണ് ഓട്ടോമാറ്റിക് രജിസ്ട്രേഷൻ നടത്തുക.

1973-ൽ സന്നദ്ധ സൈനിക സേവന രീതിയിലേക്ക് മാറിയ ശേഷം യു.എസ്. നിർബന്ധിത സൈനിക സേവനം (Draft) നടപ്പിലാക്കിയിട്ടില്ല. എന്നാൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 18-25 പ്രായപരിധിയിലുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചുവെക്കുന്ന ‘സെലക്ടീവ് സർവീസ് സിസ്റ്റം’ തുടർന്നുപോരുന്നു. പലപ്പോഴും യുവാക്കൾ പേര് രജിസ്റ്റർ ചെയ്യാൻ വിട്ടുപോകുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ നീക്കം. സ്ത്രീകളെ കൂടി ഈ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ചർച്ചകൾ യു.എസ്. കോൺഗ്രസിൽ നടക്കുന്നുണ്ടെങ്കിലും, നിലവിലെ മാറ്റം പുരുഷന്മാർക്ക് മാത്രമാണ് ബാധകം. പേര് രജിസ്റ്റർ ചെയ്യുക എന്നത് ഒരു ഫെഡറൽ നിയമമാണ്. ഇത് പാലിക്കാത്തവർക്ക് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നേക്കാം. അറിഞ്ഞുകൊണ്ട് രജിസ്റ്റർ ചെയ്യാത്തവർക്ക് 2,50,000 ഡോളർ വരെ പിഴയോ അല്ലെങ്കിൽ അഞ്ച് വർഷം വരെ തടവോ ലഭിക്കാൻ നിയമപരമായി വകുപ്പുണ്ട്.

യുദ്ധത്തിന് പോകേണ്ടി വരുമോ?
ഓട്ടോമാറ്റിക് രജിസ്ട്രേഷൻ എന്നാൽ ഉടനെ സൈന്യത്തിൽ ചേരണം എന്നല്ല അർത്ഥം. രാജ്യത്ത് ഒരു അടിയന്തര സാഹചര്യം ഉണ്ടാകുകയും, യു.എസ്. കോൺഗ്രസ് പ്രത്യേകമായി ഒരു ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്താൽ മാത്രമേ നിർബന്ധിത സൈനിക സേവനം ആരംഭിക്കുകയുള്ളൂ. 1973-ന് ശേഷം അമേരിക്ക ഇങ്ങനെയൊരു സാഹചര്യം നേരിട്ടിട്ടില്ല.

Automatic registration for military service for young people in the US: New law from this December