
അന്നപൊളിസ് (മെറിലാൻഡ്): രണ്ട് വർഷം മുമ്പ് ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം തകരാൻ കാരണമായ എം/വി ഡാലി കപ്പലിൻ്റെ ഉടമകളുമായും ഓപ്പറേറ്റർമാരുമായും യുഎസിലെ മാരിലൻഡ് സംസ്ഥാനം ഒത്തുതീർപ്പിലെത്തി. ഗ്രേസ് ഓഷ്യൻ പ്രൈവറ്റ് ലിമിറ്റഡ്, സിനർജി മറൈൻ എന്നിവരുമായാണ് തത്വത്തിൽ ഈ ധാരണയായതെന്ന് അറ്റോർണി ജനറൽ ആൻ്റണി ബ്രൗൺ അറിയിച്ചു. എന്നാൽ സെറ്റിൽമെൻ്റിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കപ്പലിൻ്റെ ഉടമ സിംഗപ്പൂർ ആസ്ഥാനമായ ഗ്രേസ് ഓഷ്യൻ പ്രൈവറ്റ് ലിമിറ്റഡും ഓപറേറ്റർ മലയാളിയുടെ ഉടമസ്ഥതയിലുള്ള സിനർജി മറൈൻ ഗ്രൂപ്പുമാണ്. ഈ കേസിൽ ജൂൺ ഒന്നിന് വിചാരണ ആരംഭിക്കാൻ ഇരിക്കെയാണ് ഒത്തുതീർപ്പിലേക്ക് മാരിലൻഡ് സംസ്ഥാനവും കപ്പൽ ഉടമകളും എത്തിയത്. പഴയ സമുദ്ര നിയമം ഉപയോഗിച്ച്, ബാധ്യത ഏകദേശം 44 മില്യൺ ഡോളറായി പരിമിതപ്പെടുത്താൻ സിനർജിയും ഗ്രേസ് ഓഷ്യനും ശ്രമിച്ചിരുന്നു. എന്നാൽ ബാൾട്ടിമോർ ബില്യൻ കണക്കിന് തുകയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
2024 മാർച്ച് 26-നാണ് ബാർട്ടിമോറിൽ നിന്ന് ശ്രീലങ്കയിലേക്ക് പോവുകയായിരുന്ന ഡാലി ചരക്കു കപ്പലിൽ വൈദ്യതി തകരാർ ഉണ്ടാവുകയും നിയന്ത്രണം നഷ്ടപ്പെട്ട കപ്പൽ പാലത്തിൽ ഇടിക്കുകയും ചെയ്തത്. അപകടത്തിൽ പാലം തകരുകയും അറ്റകുറ്റ പണിയിലേർപ്പെട്ടിരുന്ന ആറ് തൊഴിലാളികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ബാൾട്ടിമോർ തുറമുഖത്തിൻ്റെ പ്രവർത്തനങ്ങളെ പൂർണ്ണമായും നിശ്ചലമാക്കിയ ഈ ദുരന്തം സംസ്ഥാനത്തിന് വലിയ സാമ്പത്തിക ആഘാതമാണ് സൃഷ്ടിച്ചത്. ബാൾട്ടിമോർ തുറമുഖം ഏകദേശം മൂന്ന് മാസത്തേക്ക് അടച്ചുപൂട്ടേണ്ടിയും വന്നു. കപ്പലിൻ്റെ ക്യാപ്റ്റൻ അടക്കം മിക്കവരും ഇന്ത്യക്കാർ ആയിരുന്നു. “മാരിലൻഡിലെ ജനങ്ങൾ രണ്ട് വർഷമായി അനുഭവിച്ചുവരുന്ന ദുരന്തഭാരത്തിന് ഈ ഒത്തുതീർപ്പ് ഒരു പരിഹാരമാകും. ഇതൊരു സുപ്രധാന ചുവടുവെപ്പാണ്,” അറ്റോർണി ജനറൽ പറഞ്ഞു.
എന്നാൽ, അറ്റോർണി ജനറലിൻ്റെ ഓഫീസ് ഔദ്യോഗികമായി തുക വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇതിനോടകം തന്നെ 350 മില്യൺ ഡോളറിൻ്റെ (ഏകദേശം 2,900 കോടി രൂപ) ഒരു ഇൻഷുറൻസ് ഒത്തുതീർപ്പ് കപ്പൽ ഉടമകളുമായി നടന്നിട്ടുണ്ട്. ഇത് സംസ്ഥാനത്തിൻ്റെ ഇൻഷുറൻസ് പരിധിയുടെ പരമാവധി തുകയാണ്. കീ ബ്രിഡ്ജിന് ഇൻഷുറൻസ് നൽകിയ കമ്പനിയായ എസിഇ അമേരിക്കനുമായാണ് സിനർജിയും ഗ്രേസ് ഓഷ്യനും ഒത്തുതീർപ്പിലെത്തിയത്. ഏകദേശം 350 മില്യൺ ഡോളറിനായിരുന്നു ഒത്തുതീർപ്പ്. എസിഇ അമേരിക്കൻ മേരിലാൻഡിന് അതേ തുക നൽകുകയുണ്ടായി.2024 ഒക്ടോബറിൽ, യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ജസ്റ്റിസുമായി (DOJ) കപ്പൽ കമ്പനികൾ 102 മില്യൺ ഡോളറിൻ്റെ മറ്റൊരു ഒത്തുതീർപ്പിലും എത്തിയിരുന്നു. തുറമുഖത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ചെലവുകൾക്കായാണ് ഈ തുക നൽകിയത്.
പുതിയ പാലത്തിൻ്റെ രൂപകൽപ്പന ഏകദേശം 70% പൂർത്തിയായിക്കഴിഞ്ഞു. ഇത് പഴയതിനേക്കാൾ ഉയരമുള്ളതും വലിയ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ സൗകര്യമുള്ളതുമായിരിക്കും. പുതിയ പാലം പണിയുന്നതിന് ഏകദേശം 4.3 ബില്യൺ മുതൽ 5.2 ബില്യൺ ഡോളർ വരെ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. 2030-ഓടെ പാലം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം, കപ്പൽ നിർമ്മാതാക്കളായ ഹ്യുണ്ടായ്‌ക്കെതിരെയുള്ള നിയമനടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കപ്പലിൻ്റെ അറ്റകുറ്റപ്പണികളിലെ അശ്രദ്ധയും സുരക്ഷാ വീഴ്ചയുമാണ് അപകടത്തിന് കാരണമായതെന്നാണ് സംസ്ഥാനത്തിൻ്റെ വാദം. കപ്പലിലെ ഭൂരിഭാഗം ജീവനക്കാരും ഇന്ത്യക്കാർ ആയിരുന്നു.
Baltimore Bridge Accident: State of Maryland Reaches Settlement with Ship Owners















