“നീ തീവ്രവാദിയാണ്, എന്തിന് ഇങ്ങോട്ട് വന്നു?”; ന്യൂയോർക്ക് വിമാനത്താവളത്തിൽ മുഹമ്മദ് യൂനുസിനെ വളഞ്ഞ് ബംഗ്ലാദേശ് പ്രവാസികൾ; നാടകീയ രംഗങ്ങൾ

ന്യൂയോർക്ക്: ബംഗ്ലാദേശിലെ മുൻ ഇടക്കാല സർക്കാർ തലവനും നോബൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസിന് നേരെ ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബംഗ്ലാദേശ് വംശജരായ പ്രവാസികളുടെ കടുത്ത പ്രതിഷേധം. ചീഫ് അഡ്വൈസർ സ്ഥാനം ഒഴിഞ്ഞ ശേഷമുള്ള യൂനുസിന്റെ ആദ്യ വിദേശയാത്രയ്ക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഒരു കൂട്ടം പ്രവാസികൾ വളയുകയും “തീവ്രവാദി” എന്ന് വിളിച്ചുകൂവുകയും ചെയ്തു.

ബംഗ്ലാദേശിൽ നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കിയതിനും ജനാധിപത്യം തകർത്തതിനും ഉത്തരവാദി യൂനുസാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിൽ, “നീ ഒരു തീവ്രവാദിയാണ്, ബംഗ്ലാദേശിൽ ആളുകളെ കൊന്നൊടുക്കി നീ എന്തിനാണ് ഇവിടെ വന്നത്?” എന്ന് പ്രതിഷേധക്കാർ യൂനുസിന് നേരെ ആക്രോശിക്കുന്നത് വ്യക്തമാണ്.

ദോഹയിൽ നിന്നുള്ള ഖത്തർ എയർവേസ് വിമാനത്തിൽ വിമാനത്താവളത്തിലെ ടെർമിനൽ 8-ൽ എത്തിയപ്പോഴായിരുന്നു സംഭവം. യൂനുസിനെ വീൽചെയറിൽ പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതിഷേധക്കാർ തടഞ്ഞത്. ആയിരക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥരുടെ മരണത്തിന് കാരണം യൂനുസിന്റെ ഭരണകൂടമാണെന്നും രണ്ട് ലക്ഷത്തോളം പേരെ അന്യായമായി അറസ്റ്റ് ചെയ്തതായും അവർ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ സുരക്ഷാ ജീവനക്കാർ ഇടപെട്ട് യൂനുസിനെയും അദ്ദേഹത്തിന്റെ സഹായി ലാമിയ മോർഷെദിനെയും സുരക്ഷിതമായി വിമാനത്താവളത്തിനുള്ളിലേക്ക് തന്നെ തിരിച്ചെത്തിക്കുകയായിരുന്നു.

പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ അനുഭാവികളാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് സൂചന. എന്നാൽ സംഭവത്തെക്കുറിച്ച് മുഹമ്മദ് യൂനുസോ അദ്ദേഹത്തിന്റെ പ്രതിനിധികളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ടതിനെത്തുടർന്ന് അധികാരമേറ്റ യൂനുസിന്റെ ഇടക്കാല സർക്കാർ കടുത്ത അക്രമങ്ങളും ഭരണപരാജയവും നേരിട്ടിരുന്നു. ക്രമസമാധാനം നിലനിർത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അവാമി ലീഗ് പ്രവർത്തകർ വ്യാപകമായി ആക്രമിക്കപ്പെട്ടുവെന്നും വിമർശനമുണ്ട്. കൂടാതെ, ന്യൂനപക്ഷമായ ഹിന്ദു സമൂഹങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾക്കും നേരെ നടന്ന അതിക്രമങ്ങളും കസ്റ്റഡി മരണങ്ങളും രാജ്യാന്തര തലത്തിൽ തന്നെ വലിയ ആശങ്കകൾക്ക് കാരണമായിരുന്നു.

പ്രക്ഷോഭകാരികൾക്കെതിരെയുള്ള ക്രിമിനൽ അന്വേഷണങ്ങൾ തടഞ്ഞുകൊണ്ട് 2026 ജനുവരിയിൽ യൂനുസ് സർക്കാർ പാസാക്കിയ ഓർഡിനൻസും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതോടൊപ്പം ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളാക്കിയതിലും യൂനുസിനെതിരെ ബംഗ്ലാദേശിനുള്ളിൽ തന്നെ വലിയ പ്രതിഷേധമുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിദേശത്തെത്തിയ യൂനുസിനെതിരെ പ്രവാസികൾ പരസ്യമായി രംഗത്തിറങ്ങിയത്.

Bangladeshi expatriates surround Muhammad Yunus at New York airport; dramatic scenes unfold.

More Stories from this section

family-dental
witywide