‘കഞ്ചാവ് നിയന്ത്രിത അളവിൽ വിൽക്കാൻ അനുവദിക്കണം’, ഒന്നാം തീയതിയിലെ ബാർ അവധി തട്ടിപ്പ്, ‘നാം നമ്മെ കൊള്ളയടിക്കുന്നു’വിൽ ബിജു പ്രഭാകർ

സർക്കാർ മേഖലയിലെ അഴിമതികളെക്കുറിച്ചും നയപരമായ പാളിച്ചകളെക്കുറിച്ചും വെളിപ്പെടുത്തലുകളുമായി ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകറിന്റെ പുസ്തകം പുറത്തിറങ്ങുന്നു. ‘നാം നമ്മെ കൊള്ളയടിക്കുന്നു’ എന്ന പുസ്തകത്തിൽ കഞ്ചാവ് നിയന്ത്രിത അളവിൽ വിൽക്കാൻ അനുവദിക്കണമെന്ന വിപ്ലവകരമായ നിർദ്ദേശം അദ്ദേഹം മുന്നോട്ടുവെക്കുന്നു. വിദേശരാജ്യങ്ങളിലെ മാതൃക പിന്തുടരുന്നതിൽ തെറ്റില്ലെന്നും കഞ്ചാവ് അർബുദത്തിന് കാരണമാകില്ലെന്നും അദ്ദേഹം പുസ്തകത്തിൽ വാദിക്കുന്നു. 35 വർഷത്തെ സർവ്വീസ് ജീവിതത്തിലെ അനുഭവങ്ങളാണ് പുസ്തകത്തിന്റെ ഇതിവൃത്തം.

നിലവിലെ എക്സൈസ് നയം വെറും കണ്ണിൽ പൊടിയിടലാണെന്നും ഒന്നാം തീയതിയിലെ ബാർ അവധി വലിയൊരു തട്ടിപ്പാണെന്നും ബിജു പ്രഭാകർ കുറ്റപ്പെടുത്തുന്നു. ഈ നിരോധനം മൂലം ടൂറിസം, കോർപ്പറേറ്റ് മേഖലകളിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നുണ്ട്. മദ്യം ആവശ്യമുള്ളവർ അത് നേരത്തെ കരുതി വെക്കുകയോ ബദൽ മാർഗങ്ങൾ തേടുകയോ ചെയ്യുമെന്നിരിക്കെ ഈ നടപടി പ്രഹസനമാണെന്ന് അദ്ദേഹം പറയുന്നു. വിവാദമായ എഐ ക്യാമറ ഇടപാടുകളെക്കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്.

കേരളം നമ്പർ വൺ എന്ന അവകാശവാദം പോരെന്നും സേവനങ്ങളുടെ ഗുണനിലവാരമാണ് ഉറപ്പാക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ലോട്ടറി സംവിധാനം ജനങ്ങളെ പറ്റിക്കാനാണെന്നും എൻഡോസൽഫാൻ ഇരകളുടെ കണക്കുകൾ ശാസ്ത്രീയമല്ലെന്നും അദ്ദേഹം പുസ്തകത്തിലൂടെ വാദിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുൻ ഡിജിപി എ. ഹേമചന്ദ്രൻ പുസ്തകം പ്രകാശനം ചെയ്യും. ലോട്ടറി, പൊതുമരാമത്ത്, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളിലെ അഴിമതികൾ പുസ്തകം ചർച്ചയാക്കുന്നുണ്ട്.

Biju Prabhakar IAS advocates regulated cannabis sale; criticizes Kerala’s liquor policy

More Stories from this section

family-dental
witywide