രണ്ട് റഷ്യൻ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് സമ്മതിച്ച് ബിൽ ഗേറ്റ്സ്; എപ്‌സ്റ്റീൻ ബന്ധത്തിലും ക്ഷമ ചോദിച്ചു

വാഷിങ്ടൺ: രണ്ട് റഷ്യൻ സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നുവെന്ന് സമ്മതിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിലും ഗേറ്റ്സ് ഫൗണ്ടേഷൻ ജീവനക്കാരോട് ഖേദം പ്രകടിപ്പിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി 25ന് പ്രസിദ്ധീകരിച്ച The Wall Street Journal റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. ടൗൺഹാൾ യോഗത്തിൽ സംസാരിക്കുമ്പോൾ, താൻ നടത്തിയ ബന്ധങ്ങൾ പിന്നീട് എപ്‌സ്റ്റീൻ കണ്ടെത്തിയതാണെന്ന് ഗേറ്റ്‌സ് സമ്മതിച്ചു. എന്നാൽ, ആ ബന്ധങ്ങൾക്ക് എപ്‌സ്റ്റീന്റെ ഇരകളുമായി യാതൊരു ബന്ധവും ഇല്ലായിരുന്നുവെന്നും, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ താൻ ഏർപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്മെന്റ് പുറത്തുവിട്ട എപ്‌സ്റ്റീൻ ഫയലുകളിൽ ഇമെയിലുകൾ, ചിത്രങ്ങൾ, കോൾ രേഖകൾ അടക്കം നിരവധി രേഖകൾ ഉൾപ്പെട്ടിരുന്നു. ഇതിൽ ഗേറ്റ്‌സിന്റെ പേരും പ്രത്യക്ഷപ്പെട്ടിരുന്നു. “എപ്‌സ്റ്റീനൊപ്പം സമയം ചെലവഴിച്ചത് വലിയ പിഴവായിരുന്നു. അതിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു,” എന്നാണ് ഗേറ്റ്‌സ് പറഞ്ഞതായി റിപ്പോർട്ട് പറയുന്നു. ഗേറ്റ്സ് ഫൗണ്ടേഷൻ ഉദ്യോഗസ്ഥരെ എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട യോഗങ്ങളിൽ ഉൾപ്പെടുത്തിയതും തെറ്റായ തീരുമാനമായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു.

ലൈംഗിക കുറ്റവാളിയായ എപ്‌സ്റ്റീനുമായി 2011ലാണ് ആദ്യമായി കണ്ടുമുട്ടിയതെന്ന് ഗേറ്റ്‌സ് വ്യക്തമാക്കി. മുൻഭാര്യ മെലിൻഡ ഫ്രെഞ്ച് ഗേറ്റ്സ് 2013ൽ ആശങ്ക പ്രകടിപ്പിച്ച ശേഷവും കൂടിക്കാഴ്ചകൾ തുടർന്നുവെന്നും അദ്ദേഹം പറഞ്ഞു. “എന്റെ തീരുമാനങ്ങൾ കാരണം ഇതിൽ പെട്ടുപോയ എല്ലാവരോടും ഞാൻ മാപ്പ് പറയുന്നു. ഇത് ഫൗണ്ടേഷന്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണ്,” എന്നും ഗേറ്റ്‌സ് വ്യക്തമാക്കി. ഗേറ്റ്‌സ് തുറന്ന മനസ്സോടെ കാര്യങ്ങൾ വിശദീകരിച്ചുവെന്നും തന്റെ നടപടികളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുവെന്നും സംഘടനയുടെ വക്താവ് അറിയിച്ചു.

Bill Gates admits to having affairs with two Russian women; apologizes for Epstein connection