തിരുവനന്തപുരം: ബിശ്വനാഥ് സിൻഹയെ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് ജൂൺ 30-ന് സ്ഥാനമൊഴിയുന്നതോടെ ബിശ്വനാഥ് സിൻഹ പുതിയ ചുമതലയേൽക്കും. ജൂൺ 30-ന് മുമ്പ് മറ്റൊരു മന്ത്രിസഭായോഗമില്ല. അതിനാൽ, അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായാണ് ചീഫ് സെക്രട്ടറി നിയമനം ഇന്നത്തെ യോഗം പരിഗണിച്ചത്. നിലവിൽ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
ബിഹാർ സ്വദേശിയായ ബിശ്വനാഥ് സിൻഹ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരിൽ ഒരാളാണ്. 1991 ബാച്ച് ഉദ്യോഗസ്ഥനായ അദ്ദേഹം ധനകാര്യം, ആഭ്യന്തര തുടങ്ങി സുപ്രധാനമായ പല വകുപ്പുകളിലും മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. കെ.ആർ. ജ്യോതിലാൽ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ പേരുകൾ പരിഗണനയിൽ വന്നിരുന്നെങ്കിലും, ഒടുവിൽ ബിശ്വനാഥ് സിൻഹയെ ചീഫ് സെക്രട്ടറിയായി നിശ്ചയിക്കുകയായിരുന്നു.
Biswanath Sinha is the new Chief Secretary of Kerala.













