കോഴിക്കോട്: 68 മത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് സമാപനമായി. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിനൊടുവിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻമാരായി. 2012.3 പോയിന്റോടെയാണ് തിരുവനന്തപുരം സ്വർണക്കപ്പ് സ്വന്തമാക്കിയിരിക്കുന്നത്. 965.3 പോയിന്റ് നേടി തൃശൂർ രണ്ടാമതും 923.3 പോയിന്റ് നേടി മലപ്പുറം മൂന്നാമത്തുമെത്തി. അത്ലറ്റിക്സിൽ മലപ്പുറമാണ് ജേതാക്കൾ.
അതേസമയം, ഗെയിംസ്, അക്വാട്ടിക്സ് ഇനങ്ങളിൽ ആധിപത്യം പുലർത്തിയാണ് തിരുവനന്തപുരം മുന്നേറിയത്. ഗെയിംസ് ഇനങ്ങളിൽ നിന്ന് 1310 പോയിന്റാണ് തിരുവനന്തപുരം നേടിയത്. 151 സ്വർണവും 92 വെള്ളിയും 106 വെങ്കലവും ഗെയിംസ് ഇനങ്ങളിൽ നേടി. അക്വാട്ടിക്സ് ഇനങ്ങളിൽ തിരുവനന്തപുരം 606 പോയിന്റും നേടി. അക്വാട്ടിക്സ് ഇനങ്ങളിൽ 160 പോയിൻ്റുമായി എറണാകുളം രണ്ടാമതും 120 പോയിൻ്റുമായി തൃശൂർ മൂന്നാമതുമാണ്. ഗെയിംസിൽ 813 പോയിന്റുമായി കണ്ണൂർ രണ്ടാമതും 796 പോയിന്റുമായി തൃശൂർ മൂന്നാമതുമെത്തി.
204.3 പോയിൻ്റോടെയാണ് അത്ലറ്റിക്സിൽ മലപ്പുറം ജേതാക്കളായത്. 19 സ്വർണവും 23 വെള്ളിയും 19 വെങ്കലവും മലപ്പുറം അത്ലറ്റിക്സിൽ കരസ്ഥമാക്കി. ഐഡിയൽ ഇ. എച്ച്. എസ്.എസ് കടകശ്ശേരി, കെ.എച്ച്. എം.എച്ച്.എസ് ആലത്തിയൂർ സ്കൂളുകളുടെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് മലപ്പുറം ഒന്നാമത്തെത്തിയത്. അത്ലറ്റിക്സിൽ ഐഡിയൽ കടകശ്ശേരി തുടർച്ചയായ അഞ്ചാം തവണയും ജേതാക്കളായി. 75.3 പോയിൻ്റോടെയാണ് ഐഡിയൽ സ്കൂൾ ഒന്നാമതെത്തിയത്. അത്ലറ്റിക്സിൽ 161.5 പോയിന്റോടെ പാലക്കാട് രണ്ടാമതും 109 പോയിന്റോടെ ആലപ്പുഴ മൂന്നാമതുമെത്തി.
Curtain falls on the 68th State School Sports Meet; Thiruvananthapuram wins the gold cup, while Malappuram emerges as champions in athletics.













