ട്രംപ് ഭരണകൂടത്തിന്റെ ഫണ്ട് തടയൽ; അഞ്ച് സംസ്ഥാനങ്ങൾക്ക് താൽക്കാലിക ആശ്വാസം

വാഷിങ്ടൺ: അഞ്ച് ഡെമോക്രാറ്റ് ഭരണത്തിലുള്ള സംസ്ഥാനങ്ങൾക്കുള്ള ചൈൽഡ് കെയർ, മറ്റ് സാമൂഹ്യക്ഷേമ പദ്ധതികളും സംബന്ധിച്ച ഫെഡറൽ ഫണ്ടുകൾ ട്രംപ് ഭരണകൂടം തടയരുതെന്ന് യുഎസ് ഫെഡറൽ കോടതി ഉത്തരവിട്ടു. കാലിഫോർണിയ, കൊളറാഡോ, ഇലിനോയിസ്, മിനസോട്ട, ന്യൂയോർക്ക് എന്നീ സംസ്ഥാനങ്ങളാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ കോടതിയെ സമീപിച്ചത്.

ഫണ്ട് ഫ്രീസ്സ് ചെയ്തതോടെ പദ്ധതികളിൽ പ്രവർത്തനകുഴപ്പം ഉണ്ടാകുന്നുവെന്നും നിയമപരമായ കാരണമില്ലാതെ പണം പിടിച്ചുവെക്കുകയാണെന്നും സംസ്ഥാനങ്ങൾ ആരോപിച്ചു. നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് ആനുകൂല്യം നൽകിയതായി സംശയമുണ്ടായതിനാൽ ഫണ്ട് താൽക്കാലികമായി നിർത്തിയതാണെന്ന് ആരോഗ്യ-മാനവ സേവന വകുപ്പ് വ്യക്തമാക്കി. എന്നാൽ തെളിവുകളോ വിശദീകരണങ്ങളോ നൽകിയില്ല.

കുറഞ്ഞ വരുമാനക്കാർക്കുള്ള ചൈൽഡ് കെയർ ആൻഡ് ഡെവലപ്‌മെന്റ് ഫണ്ട്, ടെംപററി അസിസ്റ്റൻസ് ഫോർ നീഡി ഫാമിലീസ്, സോഷ്യൽ സർവീസസ് ബ്ലോക്ക് ഗ്രാന്റ് എന്നിവയാണ് ഫണ്ട് നിർത്തിയതായി പറഞ്ഞിരിക്കുന്ന പ്രധാന പദ്ധതികൾ. ഈ പദ്ധതികൾ വഴി വർഷത്തിൽ 10 ബില്യൺ ഡോളറിലധികം ലഭിക്കുന്നതായി അഞ്ച് സംസ്ഥാനങ്ങൾ അറിയിച്ചു.

അതേസമയം, ജഡ്ജി അരുണ്‍ സുബ്രഹ്മണ്യൻ, ഫണ്ട് തടയൽ നിയമാനുസൃതമാണോ എന്ന കാര്യത്തിൽ അന്തിമ നിലപാട് എടുത്തിട്ടില്ല. എന്നാൽ 14 ദിവസത്തേക്ക് നിലവിലെ സ്ഥിതിഗതികൾ തുടരാൻ ഇടക്കാല ഉത്തരവ് നൽകി. ഫണ്ട് ലഭിക്കുന്നവരുടെ പേരുകളും സോഷ്യൽ സെക്യൂരിറ്റി നമ്പറുകളും ഉൾപ്പെടെ വൻതോതിൽ വിവരങ്ങൾ ആവശ്യപ്പെട്ട സർക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും സംസ്ഥാനങ്ങൾ ആരോപിച്ചു.

നാലോളം സംസ്ഥാനങ്ങൾക്ക് ഫണ്ട് നേരത്തെ തന്നെ വൈകിയതായി ന്യൂയോർക്ക് അറ്റോർണി ജനറൽ ഓഫീസ് കോടതിയിൽ അറിയിച്ചു. ഫണ്ട് തടയൽ തുടരുകയാണെങ്കിൽ ചൈൽഡ് കെയർ പദ്ധതിയുടെ സേവനദാതാക്കൾക്കും കുടുംബങ്ങൾക്കും വലിയ അനിശ്ചിതത്വം ഉണ്ടാവുമെന്നും പറഞ്ഞു. എന്നാൽ ഫണ്ട് തടഞ്ഞിട്ടില്ല എന്നാണ് ട്രംപ് ഭരണകൂടത്തിൻ്റെ നിലപാട്.

Blocking Trump Administration Funds; Temporary relief for five states

More Stories from this section

family-dental
witywide