‘ട്രംപിന്റെ ഗ്രീൻലാൻഡ് മോഹം നാറ്റോ സഖ്യത്തിന് ഭീഷണി, ഈ നീക്കങ്ങൾ ബുദ്ധിശൂന്യം’; രൂക്ഷവിമർശനവുമായി ജോൺ ബോൾട്ടൺ

വാഷിംഗ്ടൺ: വെനസ്വേലയിൽ നടത്തിയ സൈനിക ഇടപെടലിന് പിന്നാലെ ഗ്രീൻലാൻഡിനെക്കുറിച്ച് ട്രംപ് ഭരണകൂടം നടത്തുന്ന പ്രസ്താവനകൾ അമേരിക്കയുടെ സുരക്ഷയെ ദോഷകരമായി ബാധിക്കുമെന്ന് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ. ഗ്രീൻലാൻഡിന്റെ ഭാവിയെച്ചൊല്ലി ആരും അമേരിക്കയുമായി യുദ്ധത്തിനില്ലെന്ന വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലറുടെ പ്രസ്താവന ബുദ്ധിശൂന്യമാണെന്ന് ബോൾട്ടൺ പരിഹസിച്ചു. ഗ്രീൻലാൻഡിനെച്ചൊല്ലി ആരും അമേരിക്കയോട് യുദ്ധം ചെയ്യില്ല എന്നതിനർത്ഥം ഒരു സഖ്യകക്ഷിയുടെ പ്രദേശം പിടിച്ചെടുക്കാം എന്നല്ല. ഇത്തരം ചർച്ചകൾ നീണ്ടുപോയാൽ അത് നാറ്റോ സഖ്യത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നും ബോൾട്ടൺ മുന്നറിയിപ്പ് നൽകി.

ട്രംപ് ഭരണകൂടത്തിന്റെ ഗ്രീൻലാൻഡ് പരാമർശങ്ങൾ അമേരിക്കയുടെ അന്താരാഷ്ട്ര സുരക്ഷ വർദ്ധിപ്പിക്കുന്നതിന് പകരം ഹാനികരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഡുറോയെ പിടികൂടിയതിന് ശേഷം വെനസ്വേലയിൽ പുതിയ ഭരണകൂടത്തെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ട്രംപ് ഭരണകൂടത്തിന് തെറ്റായ നയമാണെന്ന് ബോൾട്ടൺ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാക്കളായ മരിയ കൊറീന മച്ചാഡോ, എഡ്മുണ്ടോ ഗോൺസാലസ് എന്നിവരെ പിന്തുണയ്ക്കാത്തത് വലിയ തെറ്റാണ്.

മഡുറോ ഭരണകൂടത്തിന്റെ ഭാഗമായിരുന്നവരല്ല, മറിച്ച് ഈ പ്രതിപക്ഷ നേതാക്കളാണ് വെനസ്വേലയിൽ സുസ്ഥിരത കൊണ്ടുവരാൻ പ്രാപ്തിയുള്ളവരെന്നും അദ്ദേഹം വ്യക്തമാക്കി. വെനസ്വേലയുടെ എണ്ണ സമ്പത്തിൽ മാത്രമാണ് ട്രംപ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അത് ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുമെന്നും ബോൾട്ടൺ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide