‘വിമാനത്തിൽ ബോംബ് ഉണ്ട്’ എന്ന് ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ കുറിപ്പ്; 238 യാത്രക്കാരുമായി ഇൻഡിഗോ വിമാനം ലക്നൗവിൽ അടിയന്തരമായി ഇറക്കി

ഡൽഹിയിൽ നിന്നും ബംഗാളിലെ ബാഗ്‌ഡോഗ്രയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണിയെത്തുടർന്ന് ലക്നൗ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ഞായറാഴ്ച രാവിലെയാണ് സംഭവം. വിമാനത്തിലെ ശുചിമുറിയിൽ ‘വിമാനത്തിൽ ബോംബ് ഉണ്ട്’ എന്ന് എഴുതിയ ടിഷ്യൂ പേപ്പർ കണ്ടെത്തിയതിനെത്തുടർന്നാണ് യാത്രക്കാരിലും ജീവനക്കാരിലും പരിഭ്രാന്തി പടർന്നത്. തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി (ATC) ബന്ധപ്പെടുകയും വിമാനം ലക്നൗവിലേക്ക് തിരിച്ചുവിടുകയുമായിരുന്നു.

എട്ട് കുട്ടികളടക്കം 230 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രാവിലെ 9.17-ഓടെ വിമാനം ലക്നൗ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. തുടർന്ന് വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും യാത്രക്കാരെ ഉടൻ തന്നെ പുറത്തിറക്കി സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്തു. സി.ഐ.എസ്.എഫ് സുരക്ഷാ ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും വിമാനത്തിൽ വിശദമായ പരിശോധന നടത്തി.

സുരക്ഷാ പരിശോധനകളെ തുടർന്ന് വിമാനത്തിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് പ്രാഥമിക വിവരം. യാത്രക്കാർക്ക് വിമാനത്താവളത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയതായും അവരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും ഇൻഡിഗോ വക്താവ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിനുള്ളിലെ ടിഷ്യൂ പേപ്പറിൽ സന്ദേശം എഴുതിയ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

More Stories from this section

family-dental
witywide