
വാഷിംഗ്ടൺ: ഇമിഗ്രേഷൻ നിയമങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ, സംസ്ഥാനങ്ങളിലെ വോട്ടർമാരുടെ വിവരങ്ങൾ കൈമാറണമെന്ന ആവശ്യവുമായി യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി രംഗത്തെത്തിയത് പുതിയ നിയമപോരാട്ടത്തിന് തുടക്കമിട്ടു. മിനസോട്ടയിലെ വോട്ടർ രജിസ്ട്രേഷൻ രേഖകൾ ആവശ്യപ്പെട്ട് ബോണ്ടി അയച്ച കത്ത്, ട്രംപ് ഭരണകൂടം രാജ്യവ്യാപകമായി നടത്തുന്ന വിവരശേഖരണത്തിന്‍റെ ഭാഗമായാണ് കരുതപ്പെടുന്നത്.
വോട്ടർ പട്ടികയിലെ വിവരങ്ങൾ ആവശ്യപ്പെട്ട് മിനസോട്ട ഉൾപ്പെടെ 24 സംസ്ഥാനങ്ങൾക്കെതിരെ നീതിന്യായ വകുപ്പ് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
“അരാജകത്വം അവസാനിപ്പിക്കാൻ” വിവരങ്ങൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് മിനസോട്ട ഗവർണർ ടിം വാൾസിന് പാം ബോണ്ടി ശനിയാഴ്ച കത്തയച്ചു. വോട്ടർ പട്ടികയിലെ അനർഹരെ നീക്കം ചെയ്യാനാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം. കോടതി വഴി നടക്കാത്ത കാര്യങ്ങൾ സമ്മർദ്ദത്തിലൂടെ നേടിയെടുക്കാൻ സർക്കാർ ശ്രമിക്കുകയാണോ എന്ന് ഡിസ്ട്രിക്റ്റ് ജഡ്ജി കേറ്റ് മെനൻഡസ് ചോദ്യമുന്നയിച്ചു. എന്നാൽ നിയമങ്ങൾ നടപ്പിലാക്കുക മാത്രമാണ് ലക്ഷ്യമെന്ന് നീതിന്യായ വകുപ്പ് മറുപടി നൽകി.
വോട്ടർമാരുടെ സ്വകാര്യത സംരക്ഷിക്കുമെന്ന് മിനസോട്ട സ്റ്റേറ്റ് സെക്രട്ടറി സ്റ്റീവ് സൈമൺ വ്യക്തമാക്കി. വിവരങ്ങൾ കൈമാറുന്നത് ഫെഡറൽ-സ്റ്റേറ്റ് നിയമങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മിനസോട്ടയ്ക്ക് പിന്നാലെ മറ്റ് സംസ്ഥാനങ്ങളും കർശന നിലപാടെടുത്തതോടെ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഈ രാഷ്ട്രീയ-നിയമ തർക്കം വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.















