ഇറാനും യുഎസിനും വേണ്ടത് ഒരേ കാര്യം, നയതന്ത്ര മേൽക്കോയ്മയ്ക്കായി പോരാട്ടം; പശ്ചിമേഷ്യൻ ചർച്ചകളിൽ ആശങ്ക പ്രകടിപ്പിച്ച് രാഷ്ട്രീയ നിരീക്ഷകർ

ദോഹ: അമേരിക്കയും ഇറാനും തമ്മിൽ ചർച്ചകൾ നടക്കുന്നുവെന്ന വാർത്തകളെ മേഖലയിലെ രാജ്യങ്ങൾ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ഇരുപക്ഷവും ചർച്ചകളിൽ മേൽക്കോയ്മ നേടാൻ ശ്രമിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി രാഷ്ട്രീയ നിരീക്ഷകർ. ഖത്തർ സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ അബ്ദുള്ള ബന്ദർ അൽ-ഇതൈബിയാണ് ചർച്ചകളുടെ ഇപ്പോഴത്തെ ഗതിയെക്കുറിച്ച് നിർണ്ണായകമായ വിലയിരുത്തലുകൾ നടത്തിയത്. ചർച്ചകൾ നടക്കുന്നുവെന്ന ഡോണൾഡ് ട്രംപിന്റെ പ്രസ്താവന ആശ്വാസകരമാണെങ്കിലും യാഥാർത്ഥ്യങ്ങളെ സംശയത്തോടെ മാത്രമേ കാണാനാകൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിലെ ചർച്ചകളിൽ ഇസ്രായേലിന്റെ നിലപാട് ഏറ്റവും നിർണ്ണായകമാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള ഈ ആശയവിനിമയങ്ങളിൽ ഇസ്രായേൽ ഒട്ടും സംതൃപ്തരല്ല. ഏതെങ്കിലും തരത്തിലുള്ള സമാധാന കരാറിൽ ഇസ്രായേലിനെ കൂടി ഉൾപ്പെടുത്തിയില്ലെങ്കിൽ, ഒരു ബോക്സിംഗ് മത്സരത്തിലെ റൗണ്ടുകൾ പോലെ ഈ യുദ്ധം അവസാനമില്ലാതെ നീണ്ടുപോകാൻ സാധ്യതയുണ്ടെന്ന് അൽ-ഇതൈബി അൽ ജസീറയോട് പറഞ്ഞു. വരും വെള്ളിയാഴ്ചയ്ക്കകം ഒരു ധാരണയിലെത്താൻ ഇരുരാജ്യങ്ങൾക്കും കഴിഞ്ഞില്ലെങ്കിൽ പശ്ചിമേഷ്യയിൽ യുദ്ധം അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലേക്ക് കടന്നേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മേഖലയിലെ സമാധാനശ്രമങ്ങൾ പരാജയപ്പെട്ടാൽ ജിസിസി രാജ്യങ്ങൾ തങ്ങളുടെ പ്രതിരോധ ചെലവുകൾ വർദ്ധിപ്പിക്കാനും ഹോർമുസ് കടലിടുക്കിന് പകരമുള്ള മറ്റ് ഗതാഗത മാർഗ്ഗങ്ങൾ തേടാനും നിർബന്ധിതരാകും. അതേസമയം, മേഖലയിലേക്ക് കൂടുതൽ യുഎസ് മറീനുകളെ വിന്യസിക്കുന്നത് ചൂണ്ടിക്കാട്ടി, ചർച്ചകളിലൂടെ സമയം നേടിയെടുക്കാനാണോ ട്രംപ് ശ്രമിക്കുന്നതെന്ന സംശയവും നിരീക്ഷകർ പങ്കുവെക്കുന്നുണ്ട്. ഒരു കരാർ രൂപപ്പെടുകയാണെങ്കിൽ ഗൾഫ് രാജ്യങ്ങളെ കൂടി അതിന്റെ ഭാഗമാക്കേണ്ടത് പശ്ചിമേഷ്യയുടെ സുസ്ഥിരതയ്ക്ക് അനിവാര്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

More Stories from this section

family-dental
witywide