ചർച്ചകളെ സ്വാഗതം ചെയ്തു സ്റ്റാർമർ, പക്ഷേ…; പശ്ചിമേഷ്യൻ യുദ്ധം നീണ്ടുനിന്നേക്കാം; അതിജാഗ്രത വേണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ പെട്ടെന്ന് അവസാനിക്കുമെന്ന അമിതപ്രതീക്ഷ വേണ്ടെന്നും ദീർഘകാലം നീണ്ടുനിൽക്കാവുന്ന യുദ്ധസാഹചര്യത്തെ നേരിടാൻ രാജ്യം സജ്ജമാകണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ. യുദ്ധം ദിവസങ്ങളോ ആഴ്ചകളോ കൊണ്ട് അവസാനിക്കുമെന്ന് കരുതി ആശ്വാസം കൊള്ളുന്നത് തെറ്റായ കീഴ്വഴക്കമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പാർലമെന്ററി കമ്മിറ്റിക്ക് മുൻപാകെ സംസാരിക്കവേയാണ് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യമുള്ള ഈ പ്രസ്താവന അദ്ദേഹം നടത്തിയത്.

യുദ്ധം മാസങ്ങളോളം നീണ്ടുനിൽക്കാൻ സാധ്യതയുണ്ടോ എന്ന ജനപ്രതിനിധികളുടെ ചോദ്യത്തിന്, അത്തരമൊരു സാഹചര്യം മുൻകൂട്ടി കണ്ട് മാത്രമേ ബ്രിട്ടന് മുന്നോട്ട് പോകാനാകൂ എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. സംഘർഷം എത്രയും വേഗം ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമാണ് ബ്രിട്ടൻ നിലവിൽ മുൻഗണന നൽകുന്നത്. എങ്കിലും, യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന വ്യാമോഹത്തിൽ വീണുപോകരുതെന്ന് തന്റെ ഔദ്യോഗിക സംഘത്തിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായി അമേരിക്കയും ഇറാനും തമ്മിൽ നടന്ന ചർച്ചകളെ സ്റ്റാർമർ സ്വാഗതം ചെയ്തു. കഴിഞ്ഞ വാരന്ത്യത്തിൽ ടെഹ്‌റാനുമായി ഫലപ്രദമായ ചർച്ചകൾ നടന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടെങ്കിലും ഇറാൻ ഈ വാർത്ത നിഷേധിച്ചിട്ടുണ്ട്. എങ്കിലും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ തുടരണമെന്നാണ് ബ്രിട്ടന്റെ നിലപാട്.

More Stories from this section

family-dental
witywide