
മയാമി: വെനസ്വേലയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് കോഴ നൽകി വലിയ സർക്കാർ കരാറുകൾ നേടിയ കേസിൽ വർഷങ്ങളായി അമേരിക്കയുടെ പിടികിട്ടാപ്പുള്ളിയായിരുന്ന വ്യവസായി അൽവാരോ പുള്ളിഡോ കസ്റ്റഡിയിൽ. വെനസ്വേലൻ പ്രസിഡന്‍റായിരുന്ന നിക്കോളാസ് മഡുറോയുടെ അടുത്ത അനുയായിയായിരുന്ന അലക്സ് സാബിന്റെ ദീർഘകാല ബിസിനസ് പങ്കാളിയാണ് പുള്ളിഡോ. ഇയാൾക്കെതിരെ 2019-ലും 2021-ലും മയാമി ഫെഡറൽ കോടതി കുറ്റപത്രം സമർപ്പിച്ചിരുന്നു.
പുള്ളിഡോയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനും (ഡി.ഇ.എ) സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും ചേർന്ന് 10 ദില്യൺ ഡോളർ വരെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഡി.ഇ.എ, എഫ്.ബി.ഐ, ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് എന്നീ ഏജൻസികളുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിനൊടുവിലാണ് ഇയാൾ യു.എസ് കസ്റ്റഡിയിലായത്.
അമേരിക്കയുടെ ഈ നടപടിയോട് വെനസ്വേലൻ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അഴിമതിയും ലഹരിക്കടത്തുമടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായ നിരവധി വെനസ്വേലൻ ഉന്നതരെ പിടികൂടാനുള്ള യു.എസ് നീക്കം തടയണമെന്ന് ഭരണസഖ്യത്തിലെ ചിലർ ആവശ്യപ്പെടുമ്പോൾ, ഇടക്കാല പ്രസിഡന്‍റ് ഡെൽസി റോഡ്രിഗസ് നേരിടുന്ന കടുത്ത പ്രതിസന്ധിയാണ് വെനസ്വേലയുടെ ഈ മൗനത്തിന് കാര്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും നിലനിന്നിരുന്ന വേളയിൽ, ഭക്ഷണവും ഔഷധങ്ങളും കുറഞ്ഞ ചെലവിലുള്ള പാർപ്പിട നിർമ്മാണ കരാറുകളും സ്വന്തമാക്കുന്നതിനായി പുള്ളിഡോയും സാബും ചേർന്ന് വ്യാജ ഓഫ്ഷോർ കമ്പനികളുടെ ശൃംഖല ഉണ്ടാക്കി മഡുറോയുടെ ഉന്നത സഖ്യകക്ഷികൾക്ക് കോഴ നൽകിയെന്നാണ് പ്രോസിക്യൂഷന്റെ കണ്ടെത്തൽ.
കേസിൽ ഉൾപ്പെട്ട കൊളംബിയൻ സ്വദേശിയായ സാബിനെ കഴിഞ്ഞ മെയ് മാസത്തിൽ റോഡ്രിഗസ് അമേരിക്കയിലേക്ക് കടത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ മാസം സമാനമായ അഴിമതിക്കേസിൽ കുറ്റം സമ്മതിച്ച സാബ്, മഡുറോയ്ക്കും മറ്റ് വ്യക്തികൾക്കുമെതിരെയുള്ള അന്വേഷണത്തിൽ സഹകരിക്കാമെന്നും അഴിമതിയിലൂടെ സമ്പാദിച്ച 195 ദശലക്ഷം ഡോളർ കണ്ടുകെട്ടാൻ അനുവദിക്കാമെന്നും സമ്മതിച്ചിരുന്നു.











