
വാഷിംഗ്ടൺ: യുഎസിൽ ഗർഭിണികൾ പച്ച പാൽ കുടിക്കുന്നത് നവജാതശിശുക്കളുടെ മരണത്തിന് കാരണമാകുമെന്ന് റിപ്പോർട്ട്. ലിസ്റ്റീരിയ എന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. ഇതിനാലാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നത്. തിളപ്പിക്കാത്ത പാലിൽ കാണപ്പെടുന്ന ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് എന്ന ബാക്ടീരിയ ഗർഭസ്ഥ ശിശുവിനെ മാരകമായി ബാധിക്കാം. ഇത് ഗർഭമലസൽ , മാസം തികയാതെയുള്ള പ്രസവം, അല്ലെങ്കിൽ നവജാതശിശുവിൻ്റെ മരണം എന്നിവയ്ക്ക് കാരണമാകും.
പച്ച പാലിൽ ലിസ്റ്റീരിയയ്ക്ക് പുറമെ സാൽമൊണെല്ല, ഇ. കോളി, കാമ്പിലോബാക്റ്റർ തുടങ്ങിയ മാരകമായ ബാക്ടീരിയകളും അടങ്ങിയിരിക്കാം. പാൽ കുടിക്കുന്ന അമ്മയ്ക്ക് വലിയ അസുഖലക്ഷണങ്ങൾ അനുഭവപ്പെട്ടില്ലെങ്കിലും പ്ലാസൻ്റ വഴി ഈ അണുബാധ കുഞ്ഞിലേക്ക് പകരുകയും മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യാം.
ഗർഭകാലത്ത് സ്ത്രീകളുടെ പ്രതിരോധശേഷിയിൽ മാറ്റങ്ങൾ വരുന്നതിനാൽ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ ബാക്ടീരിയ കുഞ്ഞുങ്ങളിൽ സെപ്സിസ് , മെനിഞ്ചൈറ്റിസ് തുടങ്ങിയ ഗുരുതരമായ അസുഖങ്ങൾക്ക് കാരണമായേക്കാം. അടുത്തിടെ ന്യൂ മെക്സിക്കോയിൽ അമ്മ പച്ച പാൽ കുടിച്ചതിനെത്തുടർന്ന് ലിസ്റ്റീരിയ ബാധിച്ച ഒരു നവജാതശിശു മരിച്ചതോടെയാണ് എഫ്ഡിഎ ഗർഭിണികൾ പാസ്ചറൈസ് ചെയ്ത പാൽ മാത്രമേ ഉപയോഗിക്കാവൂ എന്ന് ശക്തമായി നിർദ്ദേശം നൽകിയത്.
Can pregnant women drink raw milk cause newborn deaths? Health experts warn in the US















