
ഒട്ടാവ/ഹവാന: അമേരിക്കൻ ഉപരോധത്തെത്തുടർന്ന് കടുത്ത ഇന്ധനക്ഷാമം നേരിടുന്ന ക്യൂബയെ സഹായിക്കാൻ തയ്യാറെടുക്കുന്നതായി കാനഡ അറിയിച്ചു. ഡോണൾഡ് ട്രംപ് ഭരണകൂടം ക്യൂബയിലേക്കുള്ള എണ്ണ വിതരണം തടഞ്ഞതോടെ രാജ്യം വലിയ മാനുഷിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പുകൾക്കിടയിലാണ് കാനഡയുടെ ഈ നീക്കം. ക്യൂബയെ സഹായിക്കാനുള്ള പദ്ധതികൾ തയ്യാറാക്കി വരികയാണെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് തിങ്കളാഴ്ച അറിയിച്ചു. എന്നാൽ സഹായത്തിന്റെ സ്വഭാവത്തെക്കുറിച്ചോ അത് എപ്പോൾ നൽകുമെന്നോ ഉള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കാനഡ തയ്യാറായിട്ടില്ല.
വെനസ്വേലയിൽ നിന്നും മറ്റും ക്യൂബയിലേക്ക് എണ്ണയെത്തുന്നത് ട്രംപ് ഭരണകൂടം കർശനമായി തടഞ്ഞിരിക്കുകയാണ്. എണ്ണ നൽകുന്ന രാജ്യങ്ങൾക്ക് മേൽ അധിക നികുതി ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയെത്തുടർന്ന് മെക്സിക്കോ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിതരണം നിർത്തിവെച്ചു. ഇന്ധനമില്ലാത്തതിനാൽ ക്യൂബയിൽ ദിവസവും മണിക്കൂറുകളോളം പവർകട്ട് അനുഭവപ്പെടുന്നുണ്ട്. കുടിവെള്ള വിതരണം, ആശുപത്രികളുടെ പ്രവർത്തനം, ഗതാഗതം എന്നിവയെല്ലാം പ്രതിസന്ധിയിലാണ്. അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ക്യൂബ തകർച്ചയിലേക്ക് നീങ്ങുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജനുവരിയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിലൂടെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയത് ക്യൂബയെ കൂടുതൽ പ്രതിസന്ധിയിലാക്കി. ക്യൂബയുടെ പ്രധാന എണ്ണ ദാതാക്കളായിരുന്നു വെനസ്വേല.
ഈ വിഷയം അമേരിക്കയും കാനഡയും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അമേരിക്കയുടെ നയങ്ങളെ വിമർശിക്കുകയും, അമേരിക്കൻ ആധിപത്യത്തിനെതിരെ ‘മിഡിൽ പവർ’ രാജ്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ 100% നികുതി ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.













