ട്രംപിൻ്റെ താരിഫ് ഭീഷണിക്കിടെ ഇന്ത്യയുമായി കൈകോർക്കാൻ കാനഡയും; അമേരിക്കയിൽ ഇപ്പോൾ സാധാരണമായ ഒന്നുമില്ലെന്ന് കാർണി

ന്യൂഡൽഹി: പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നേതൃത്വത്തിലുള്ള അമേരിക്കയുടെ താരിഫ് ഭീഷണികൾക്കിടയിൽ, ആഗോളതലത്തിൽ തങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്ന വൻശക്തി രാജ്യങ്ങളുടെ പ്രധാന പങ്കാളിയായി ഇന്ത്യ മാറുകയാണ്. കാനഡയുമായുള്ള ഇന്ത്യയുടെ ഈയിടെയുണ്ടായ നയതന്ത്ര വിള്ളൽ കുറയ്ക്കാനും ഇത് കാരണമായിരിക്കുന്നു. ഊർജ്ജം, നിർണ്ണായക ധാതുക്കൾ എന്നിവയിലാണ് ഇന്ത്യയ്ക്ക് കാനഡയിൽ താല്പര്യമുള്ളത്.

ഗോവയിൽ നടന്ന ഇന്ത്യ എനർജി വീക്കിൽ സംസാരിക്കവെ കാനഡയുടെ ഊർജ്ജ-പ്രകൃതിവിഭവ മന്ത്രി ടിം ഹോഡ്‌സൺ പറഞ്ഞത്, ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യകത കാനഡയ്ക്ക് വലിയൊരു അവസരമാണെന്നാണ്. കാനഡയിൽ എണ്ണ, വാതകം, ധാതുക്കൾ എന്നിവയുടെ വൻശേഖരമുണ്ട്. “ലോകത്തെ എണ്ണ ഉത്പാദനത്തിൻ്റെ 6% കാനഡയിലാണ് നടക്കുന്നത്. എന്നാൽ ഇന്ത്യ തങ്ങളുടെ ആവശ്യത്തിനുള്ള എണ്ണയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഇപ്പോൾ കാനഡയിൽ നിന്ന് വാങ്ങുന്നത്,” അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഹിതം വർദ്ധിപ്പിക്കുന്നത് ഇരുരാജ്യങ്ങളെയും കൂടുതൽ കരുത്തുറ്റതാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് കാനഡ ഉൾപ്പെടെയുള്ള സഖ്യരാജ്യങ്ങൾക്ക് മേൽ സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് വടക്കേ അമേരിക്കയ്ക്ക് പുറത്തുള്ള രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാൻ കാനഡ നീക്കം നടത്തുന്നത്.

“ലോകം മാറി, വാഷിംഗ്ടണും മാറി. ഇപ്പോൾ അമേരിക്കയിൽ സാധാരണമായ ഒന്നുമില്ല, അതാണ് സത്യം,” കനേഡിയൻ പ്രധാനമന്ത്രി കാർണി പാർലമെൻ്റിൽ പറഞ്ഞത്. ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിലും അദ്ദേഹം സമാനമായ രീതിയിൽ സംസാരിച്ചിരുന്നു. “നമ്മൾ ഒരു പരിവർത്തനത്തിലല്ല, മറിച്ച് ഒരു വിള്ളലിൻ്റെ മധ്യത്തിലാണ്,” എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ. ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിലും താൻ ദാവോസിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി കാർണി വ്യക്തമാക്കിയിരുന്നു. ഇതേ നിലപാടാണ് ഊർജ്ജ മന്ത്രി ഹോഡ്‌സണും പങ്കുവെച്ചത്. മുൻപ് വ്യാപാര പങ്കാളികളുമായി സഹകരിക്കാനാണ് ശ്രമിച്ചിരുന്നതെങ്കിൽ, ഇപ്പോൾ ആ സഹകരണം പലപ്പോഴും നിർബന്ധിതമായി കാര്യങ്ങൾ ചെയ്യിപ്പിക്കാനോ അല്ലെങ്കിൽ താരിഫുകൾ വഴി സ്വാധീനം ചെലുത്താനോ ആണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബ്ലൂംബെർഗ് വാർത്താ റിപ്പോർട്ട് പ്രകാരം, കാനഡ അതിൻ്റെ സാമ്പത്തിക വ്യവസ്ഥയെ പുനഃക്രമീകരിക്കുകയും അയൽരാജ്യങ്ങൾക്കപ്പുറമുള്ള ബന്ധങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്യേണ്ടതുണ്ട്. 2047-ഓടെ 100 ജിഗാവാട്ട് ആണവോർജ്ജ ശേഷി എന്ന ഇന്ത്യയുടെ ലക്ഷ്യം കൈവരിക്കാൻ സഹായിക്കുന്നതിനായി തങ്ങളുടെ യുറേനിയം നൽകുന്ന കാര്യം കാനഡ പരിഗണിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ന്യൂഡൽഹിയോടുള്ള കാനഡയുടെ സമീപകാലത്തെ ഈ അടുപ്പം ജസ്റ്റിൻ ട്രൂഡോയുടെ കാലഘട്ടത്തിലെ ശത്രുതാപരമായ നിലപാടിൽ നിന്നുള്ള വലിയ മാറ്റത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്.

Canada to join hands with India amid Trump’s tariff threat; Carney says there is nothing normal in the US right now

More Stories from this section

family-dental
witywide