ട്രംപുമായുള്ള ഉടക്ക്, തർക്കങ്ങൾ പരിഹരിച്ച് ഒന്നിച്ച് മുന്നേറാൻ ചൈനയും കാനഡയും; മാർക്ക് കാർണിയും ഷി ജിൻപിംഗും ധാരണയിലെത്തി

ബീജിംഗ്: കാനഡയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിർണ്ണായക വഴിത്തിരിവ്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ ബീജിംഗിൽ നടത്തിയ കൂടിക്കാഴ്ചയിൽ പുതിയ ‘തന്ത്രപ്രധാന പങ്കാളിത്തത്തിന്’ തുടക്കമായി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കാനഡയുടെ ബന്ധത്തിൽ വിള്ളലുകൾ വീഴുന്ന പശ്ചാത്തലത്തിൽ, ചൈനയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള കാനഡയുടെ നീക്കം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ദീർഘകാലമായി നിലനിന്നിരുന്ന വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളും പ്രധാനപ്പെട്ട ചില ഇളവുകൾ പ്രഖ്യാപിച്ചു.

ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കാനഡ ഏർപ്പെടുത്തിയിരുന്ന ഉയർന്ന താരിഫ് കുറയ്ക്കാനും, പകരം കാനഡയിൽ നിന്നുള്ള കനോല വിത്തുകളുടെ ഇറക്കുമതിക്ക് ചൈന ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കാനും ധാരണയായി. 2017-ന് ശേഷം ഒരു കനേഡിയൻ പ്രധാനമന്ത്രി ചൈന സന്ദർശിക്കുന്നത് ഇതാദ്യമായാണ്. 2018-ൽ ഹുവായ് എക്സിക്യൂട്ടീവിനെ കാനഡ അറസ്റ്റ് ചെയ്തതും തുടർന്ന് രണ്ട് കനേഡിയൻ പൗരന്മാരെ ചൈന തടവിലാക്കിയതും നയതന്ത്ര ബന്ധം മോശമാവാൻ കാരണമായിരുന്നു.

അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ രൂക്ഷമായതോടെ, കാനഡ തങ്ങളുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായ ചൈനയുമായി കൂടുതൽ അടുക്കാൻ തീരുമാനിക്കുകയായിരുന്നു. കാനഡയ്ക്ക് മേൽ കടുത്ത നികുതികൾ ഏർപ്പെടുത്തുകയും കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമായി മാറ്റുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്ത ട്രംപിന്റെ ശൈലിയാണ് കാനഡയെ ഇത്തരമൊരു പുതിയ സഖ്യത്തിലേക്ക് നയിച്ചത്. കനേഡിയൻ പൗരന്മാർക്ക് ചൈനയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തുമെന്ന് ഷി ജിൻപിംഗ് ഉറപ്പുനൽകിയതായി പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. ഊർജ്ജം, കൃഷി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണത്തിന് ഇരുരാജ്യങ്ങളും ഒപ്പിട്ട ധാരണാപത്രങ്ങൾ വഴിയൊരുക്കും. ഏകദേശം 3 ബില്യൺ ഡോളറിന്റെ അധിക വ്യാപാര സാധ്യതകളാണ് ഇതിലൂടെ തുറക്കപ്പെടുന്നത്.

Also Read

More Stories from this section

family-dental
witywide