
ഒൻ്റാറിയോ: ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള അമേരിക്കയുടെ നീക്കങ്ങൾ കടുക്കുന്നതിനിടെ, ഡെന്മാർക്കിന്റെ പരമാധികാരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. ഗ്രീൻലാൻഡ് വിഷയത്തിൽ അമേരിക്കൻ ഭരണകൂടം നടത്തുന്ന സമ്മർദ്ദങ്ങൾ ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. “ഇതൊരു ഗുരുതരമായ സാഹചര്യമാണ്. ഏത് ഭൂപ്രദേശത്തായാലും രാജ്യങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും കാനഡ എപ്പോഴും പിന്തുണയ്ക്കും,” ദോഹയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കാർണി വ്യക്തമാക്കി. ഗ്രീൻലാൻഡിന്റെയും ഡെന്മാർക്കിന്റെയും സുരക്ഷാ ചുമതല നാറ്റോയ്ക്കുള്ളതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ വെച്ച് പ്രസിഡന്റ് ട്രംപിനെ കാണുമ്പോൾ ഈ കാര്യങ്ങൾ നേരിട്ട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ പുനർനിർമ്മാണത്തിനും ഭരണക്രമത്തിനുമായി ട്രംപ് ഭരണകൂടം രൂപീകരിച്ച ‘ബോർഡ് ഓഫ് പീസിൽ’ അംഗമാകാൻ താൻ സമ്മതിച്ചതായി മാർക്ക് കാർണി സ്ഥിരീകരിച്ചു. എന്നാൽ ഇതിന്റെ സാമ്പത്തിക വശങ്ങളെക്കുറിച്ചോ ബോർഡിന്റെ ഘടനയെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ചർച്ച ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാപാര തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ട്രംപുമായി തനിക്ക് നല്ല പ്രവർത്തന ബന്ധമുണ്ടെന്നും തങ്ങൾ ഇടയ്ക്കിടെ ആശയവിനിമയം നടത്താറുണ്ടെന്നും കാർണി സൂചിപ്പിച്ചു.
ഗ്രീൻലാൻഡ് വിഷയത്തിൽ ഇതിനോടകം എട്ട് യൂറോപ്യൻ രാജ്യങ്ങൾ ട്രംപിന്റെ താരിഫ് ഭീഷണി നേരിടുന്ന പശ്ചാത്തലത്തിൽ കാനഡയുടെ ഈ നിലപാട് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നു.















