മാസങ്ങൾക്കിടെ കടത്തിയത് 140 കോടിയുടെ മയക്കുമരുന്ന്: കനേഡിയൻ പൌരൻ ഗുരമൃത് സിദ്ധു യുഎസ് കോടതിയിൽ കുറ്റസമ്മതം നടത്തി

വാഷിംഗ്ടൺ: അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തിയ കേസിൽ കനേഡിയൻ പൗരനായ ഗുരമൃത് സിദ്ധു (62) യുഎസ് കോടതിയിൽ കുറ്റസമ്മതം നടത്തി. ഏകദേശം 17 മില്യൺ ഡോളർ (140 കോടിയിലധികം രൂപ) വിലമതിക്കുന്ന മയക്കുമരുന്ന് വെറും ഒരു മാസത്തിനിടെ കടത്തിയതായാണ് ഇയാൾ സമ്മതിച്ചത്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിൻ്റെ തലവനായിരുന്നു സിദ്ധു എന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി.

2022 സെപ്റ്റംബർ 13 മുതൽ ഒക്ടോബർ 24 വരെയുള്ള ചുരുങ്ങിയ കാലയളവിനുള്ളിൽ എട്ട് തവണകളായി 523 കിലോ മെത്താംഫെറ്റാമൈനും 347 കിലോ കൊക്കെയ്നും കടത്തിയതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. അമേരിക്കയിൽ നിന്ന് വൻതോതിൽ വാങ്ങുന്ന മയക്കുമരുന്ന് ദീർഘദൂര ട്രക്കുകൾ വഴിയാണ് കാനഡയിലേക്ക് കടത്തിയിരുന്നത്.

മയക്കുമരുന്ന് കൈമാറ്റത്തിനായി സിദ്ധു അതീവ രഹസ്യമായ മാർഗ്ഗങ്ങളാണ് സ്വീകരിച്ചിരുന്നത്. കൊറിയർമാരെ തിരിച്ചറിയുന്നതിനായി കറൻസി നോട്ടുകളിലെ സീരിയൽ നമ്പറുകൾ ‘ടോക്കണുകളായി’ ഇയാൾ ഉപയോഗിച്ചിരുന്നു. ഫോൺ നമ്പറുകളും ഇത്തരം കോഡുകളും കൈമാറിയാണ് സുരക്ഷിതമായ വിതരണം ഉറപ്പാക്കിയിരുന്നത്.

കാനഡയിൽ ഒളിവിൽ കഴിഞ്ഞിരുന്ന സിദ്ധുവിനെ 2024 ഒക്ടോബറിലാണ് അമേരിക്കയ്ക്ക് കൈമാറിയത്. നിലവിൽ ഫെഡറൽ കസ്റ്റഡിയിലുള്ള ഇയാൾക്ക് കുറഞ്ഞത് 20 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. കേസിലെ ശിക്ഷാവിധി ജൂലൈ 9-ന് കോടതി പ്രഖ്യാപിക്കും.

എഫ്.ബി.ഐ , ലോസ് ഏഞ്ചൽസ് പൊലീസ്, റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് , മെക്സിക്കൻ അധികൃതർ എന്നിവരുടെ സംയുക്ത അന്വേഷണത്തിലാണ് ഈ വൻ മയക്കുമരുന്ന് ശൃംഖല തകർത്തത്. കേസുമായി ബന്ധപ്പെട്ട മറ്റ് ആറ് പ്രതികൾ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. അവർക്ക് വിവിധ കാലാവധികളിലായി ജയിൽ ശിക്ഷ ലഭിച്ചതായും അധികൃതർ അറിയിച്ചു.

Canadian citizen Gurmart Sidhu pleads guilty in US court to smuggling drugs worth Rs 140 crore in a matter of months

More Stories from this section

family-dental
witywide