ട്രംപിന്‍റെ തീരുമാനത്തിന് അപൂർവ്വവും അസാധാരണവുമായ പിന്തുണ; കെവിൻ വാർഷിനെ പ്രശംസിച്ച് മാർക്ക് കാർണി

ഒട്ടാവ/വാഷിംഗ്ടൺ: അമേരിക്കൻ ഫെഡറൽ റിസർവിന്‍റെ അടുത്ത ചെയർമാനായി കെവിൻ വാർഷിനെ തിരഞ്ഞെടുത്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിന് പിന്തുണയുമായി കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. ഒരു വിദേശ രാജ്യത്തിന്‍റെ ഭരണത്തലവൻ അമേരിക്കയുടെ സെൻട്രൽ ബാങ്ക് നിയമനത്തെ പരസ്യമായി പ്രശംസിക്കുന്നത് നയതന്ത്ര വൃത്തങ്ങളിൽ അസാധാരണമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
“ഈ നിർണ്ണായക ഘട്ടത്തിൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സെൻട്രൽ ബാങ്കിനെ നയിക്കാൻ കെവിൻ വാർഷിനെ തിരഞ്ഞെടുത്തത് ഉചിതമായ തീരുമാനമാണ്. ഈ പദവിക്ക് ഏറ്റവും അനുയോജ്യനായ വ്യക്തി അദ്ദേഹം തന്നെയാണ്,” മാർക്ക് കാർണി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

ബാങ്ക് ഓഫ് കാനഡയുടെ ഗവർണറായി മാർക്ക് കാർണി സേവനമനുഷ്ഠിച്ചിരുന്ന കാലത്താണ് കെവിൻ വാർഷും ഫെഡറൽ റിസർവിൽ ഉണ്ടായിരുന്നത്. പിന്നീട് ഏഴ് വർഷത്തോളം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തലവനായും കാർണി പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിന് അതീതമായി സാമ്പത്തിക വിദഗ്ധർ എന്ന നിലയിലുള്ള ഇരുവരുടെയും സൗഹൃദവും പരസ്പര ബഹുമാനവുമാണ് ഈ പിന്തുണയ്ക്ക് പിന്നിലെന്നാണ് കരുതുന്നത്.

സാധാരണയായി മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര നിയമനങ്ങളിൽ വിദേശ നേതാക്കൾ അഭിപ്രായം പറയാറില്ല. പ്രത്യേകിച്ച് ഫെഡറൽ റിസർവ് പോലെ സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഒരു സ്ഥാപനത്തിന്റെ കാര്യത്തിൽ. നിലവിൽ ട്രംപ് ഭരണകൂടവും കാനഡയും തമ്മിൽ വ്യാപാര നികുതി സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കാർണിയുടെ ഈ പിന്തുണ അമേരിക്കയുമായുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താനുള്ള ഒരു നയതന്ത്ര നീക്കമായും നിരീക്ഷകർ കാണുന്നു.

More Stories from this section

family-dental
witywide