
വാഷിംഗ്ടൺ: അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ (ACS) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ ക്യാൻസർ അതിജീവന നിരക്ക് റെക്കോർഡ് ഉയരത്തിലെത്തി. ചരിത്രത്തിലാദ്യമായി, മൊത്തത്തിലുള്ള അഞ്ച് വർഷത്തെ അതിജീവന നിരക്ക് 70 ശതമാനമായി വർദ്ധിച്ചിരിക്കുകയാണ്.
1970-കളിൽ വെറും 50 ശതമാനമായിരുന്ന ക്യാൻസർ അതിജീവന നിരക്കാണ് ഇപ്പോൾ 70 ശതമാനത്തിൽ എത്തിയിരിക്കുന്നത്. 1991-ന് ശേഷം ക്യാൻസർ മരണനിരക്കിൽ 34 ശതമാനം കുറവുണ്ടായി. ഇത് ഏകദേശം 48 ലക്ഷം ജീവനുകൾ രക്ഷിക്കാൻ സഹായിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മാരകമായ ക്യാൻസറുകളിലെ ആശ്വാസം
ശ്വാസകോശ ക്യാൻസർ, ലിവർ ക്യാൻസർ, മൈലോമ തുടങ്ങിയ മാരകമായ ക്യാൻസറുകളിൽ പോലും അതിജീവന നിരക്ക് ഗണ്യമായി വർദ്ധിച്ചു. ഉദാഹരണത്തിന്, ശ്വാസകോശ ക്യാൻസർ അതിജീവന നിരക്ക് 15 ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഉയർന്നു. രോഗം നേരത്തെ കണ്ടെത്താനുള്ള പരിശോധനകൾ , നൂതനമായ ചികിത്സാ രീതികൾ, പുകയില ഉപയോഗത്തിലെ കുറവ് എന്നിവയാണ് ഈ നേട്ടത്തിന് പിന്നിൽ.
അതേസമയം, മരണനിരക്ക് കുറയുന്നുണ്ടെങ്കിലും ഈ വർഷം അമേരിക്കയിൽ ഏകദേശം 21 ലക്ഷം പുതിയ ക്യാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്നും 6,26,140 മരണങ്ങൾ സംഭവിക്കാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ക്യാൻസറും സ്ത്രീകളിൽ ബ്രെസ്റ്റ് ക്യാൻസറുമാണ് ഏറ്റവും കൂടുതൽ സ്ഥിരീകരിക്കപ്പെടുന്നത്. പാൻക്രിയാറ്റിക് ക്യാൻസർ, ഓറൽ കാവിറ്റി ക്യാൻസർ എന്നിവ രണ്ട് ലിംഗവിഭാഗങ്ങളിലും വർധിച്ചുവരുന്നതായി കാണപ്പെടുന്നു.
Cancer survival rate in the US hits record high; five-year rate rises to 70 percent













