
ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപനം അനിശ്ചിതത്വത്തിലായി തുടരുന്നു. മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വ്യാഴാഴ്ച പുലർച്ചെ 2.30 വരെ നീണ്ട കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗവും അന്തിമ തീരുമാനമാകാതെ പിരിഞ്ഞു. ബുധനാഴ്ച വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെ കോർ കമ്മിറ്റി യോഗം, തുടർന്ന് ഇന്ദിരാഭവനിൽ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം (സി.ഇ.സി.), പിന്നാലെ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ പ്രത്യേക യോഗം-മാരത്തൺ ചർച്ചകൾ നടത്തിയിട്ടും സ്ഥാനാർഥിപ്പട്ടിക അന്തിമമാക്കാനായില്ല. ഇനി 36 സീറ്റുകളാണ് പ്രഖ്യാപിക്കാനുള്ളത്.
സുധാകരൻ വഴങ്ങുന്നില്ല; ആശങ്കയിൽ നേതൃത്വം
എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിലപാടിനെതിരെ കെ. സുധാകരൻ ശക്തമായ നിലപാട് സ്വീകരിച്ചതാണ് പ്രധാന തടസ്സമായിരിക്കുന്നത്. മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കെ. സുധാകരൻ ആവർത്തിച്ചു വ്യക്തമാക്കി. കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ നടത്തിയ അനുനയ ചർച്ചകളിലും അദ്ദേഹം വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല.
ചൊവ്വാഴ്ച രാവിലെ ഡൽഹിയിലെത്തിയ സുധാകരൻ മാധ്യമങ്ങൾക്കോ നേതാക്കൾക്കോ മുഖംകൊടുക്കാതെ എം.പി.മാരുടെ ഭവന സമുച്ചയമായ ഗോദാവരിയിലെ 301-ാം നമ്പർ ഫ്‌ളാറ്റിൽ കഴിയുകയാണ്.
കെ. സുധാകരനും അടൂർ പ്രകാശിനും സീറ്റില്ലെന്ന് ഹൈക്കമാൻഡ് അറിയിച്ചതോടെ ചൊവ്വാഴ്‌ച രാവിലെ മാധ്യമങ്ങളെ കാണുമെന്ന സൂചന സുധാകരൻ നൽകി. പിന്നാലെ, രമേശ് ചെന്നിത്തല, എം.കെ. രാഘവൻ തുടങ്ങിയ നേതാക്കൾ കെ. സുധാകരനെ കാണാനെത്തി പട്ടിക പുറത്തുവരുംമുൻപ് മാധ്യമങ്ങളെ കാണരുതെന്ന് അഭ്യർഥിച്ചു. തനിക്ക് സീറ്റ് നൽകിയില്ലെങ്കിൽ വരുന്നത് കാണേണ്ടി വരുമെന്ന മുന്നറിയിപ്പാണ് സുധാകരൻ നൽകിയത്. ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സുധാകരനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സീറ്റല്ലാതെ മറ്റൊന്നിനും വഴങ്ങില്ലെന്ന സൂചനയാണ് സുധാകരൻ നൽകിയത്. സുധാകരനെ പോലുള്ള മുതിർന്ന നേതാവിനെ മാറ്റിനിർത്തുന്നത് മലബാർ മേഖലയിലും കേരളത്തിലുടനീളവും തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്ക സംസ്ഥാന നേതൃത്വത്തിനുണ്ട്.
അനിശ്ചിതത്വം തുടരുന്ന സീറ്റുകൾ
എൽദോസ് കുന്നപ്പള്ളി, കെ. സുധാകരൻ എന്നിവരുടെ സ്ഥാനാർഥിത്വത്തിൻ്റെ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇനിയും വരാനുണ്ട്. കൊച്ചിയിൽ മുഹമ്മദ് ഷിയാസിന് പകരം ദീപ്തി മേരി വർഗീസിനെ പരിഗണിക്കുന്നു എന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഇവരുടെ കാര്യത്തിലുള്ള അന്തിമ തീരുമാനം ഹൈക്കമാൻഡിൻ്റെ പരിഗണനയിലാണ്. യോഗത്തിൽ കെ.സി വേണുഗോപാലും വി.ഡി സതീശനും കടുത്ത നിലപാട് തുടർന്നു. മുഹമ്മദ് ഷിയാസിനായി വി.ഡി സതീശനും ദീപ്തി മേരി വർഗീസിനായി കെ.സി വേണുഗോപാലും കടുംപിടിത്തം തുടരുകയാണെന്നാണ് വിവരം.
പ്രവർത്തകർക്കിടയിൽ പ്രതിഷേധം
തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 108 മണിക്കൂർ പിന്നിട്ടിട്ടും സ്ഥാനാർഥി പട്ടിക പുറത്തിറക്കാൻ കഴിയാത്തത് നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത കാരണമാണെന്നത് അണികളിലും ആവേശ ചോർച്ചയ്ക്ക് കാരണമാകും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്. എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്തിയിട്ടും കോൺഗ്രസ് പട്ടിക വൈകുന്നത് താഴെത്തട്ടിലുള്ള പ്രവർത്തകർക്കിടയിൽ വലിയ ആത്മസംഘർഷമുണ്ടാക്കുന്നുണ്ട്. സ്ഥാനാർഥി പ്രഖ്യാപനം ഇനിയും നീളുന്നത് പാർട്ടിയുടെ വിജയസാധ്യതയെ ബാധിക്കുമെന്ന ഭീതിയിലാണ് അണികൾ. തുടർച്ചയായ ചർച്ചകൾക്ക് ശേഷം ഇന്ന് വൈകുന്നേരത്തോടെയെങ്കിലും അന്തിമ പട്ടിക പുറത്തിറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. പെരുമ്പാവൂർ എം.എൽ.എ. എൽദോസ് കുന്നപ്പിള്ളിക്കെതിരേയുള്ള ലൈംഗികാതിക്രമക്കേസും സി.പി.എമ്മിൽനിന്ന് പുറത്തേക്കുവന്ന നാലുനേതാക്കൾക്ക് പിന്തുണനൽകുന്ന കാര്യവും ബി.ജെ.പി. മുൻ നേതാവ് സന്ദീപ് വാരിയരെ ഉൾക്കൊള്ളിക്കാനുള്ള ശ്രമവും പട്ടിക വൈകുന്നതിൽ നിർണായകമായി. കൂടാതെ, സി.പി.എം വിട്ടു വന്ന ജി. സുധാകരനെപ്പോലുള്ളവർക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതും യുഡിഎഫിന് തിരിച്ചടിയാകുന്നുണ്ട്.
Candidate selection: Congress reaches deadlock despite discussions that lasted until 2.30 am; Sudhakaran stands firm, only three days left for filing nominations















