
ഫ്ലോറിഡ: ലോകപ്രശസ്ത ഗോൾഫ് താരം ടൈഗർ വുഡ്‌സിനെ ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും ഫ്ലോറിഡയിൽ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുപ്പിറ്റർ ഐലൻഡിൽ അദ്ദേഹം സഞ്ചരിച്ചിരുന്ന ലാൻഡ് റോവർ കാർ മറിഞ്ഞാണ് അപകടമുണ്ടായത്.
ഒരു പ്രഷർ ക്ലീനർ ട്രക്കിനെ അമിതവേഗതയിൽ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ടൈഗർ വുഡ്‌സിൻ്റെ വാഹനം ട്രക്കിലിടിക്കുകയും നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്. വാഹനത്തിൻ്റെ പാസഞ്ചർ ഡോറിലൂടെയാണ് താരം പുറത്തുകടന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
മാർട്ടിൻ കൗണ്ടി ഷെരീഫ് ജോൺ ബുഡൻസീക്കിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വുഡ്‌സ് ലഹരി ഉപയോഗിച്ചതായി സംശയം തോന്നിയിരുന്നു. എന്നാൽ ബ്രീത്ത് അനലൈസർ പരിശോധനയിൽ മദ്യത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയില്ല. എങ്കിലും മറ്റേതോ അജ്ഞാത പദാർത്ഥം ഉപയോഗിച്ചതിൻ്റെ ലക്ഷണങ്ങൾ വുഡ്‌സ് പ്രകടിപ്പിച്ചതായി പൊലീസ് അറിയിച്ചു.
ലഹരി ഉപയോഗിച്ച് വാഹനമോടിക്കൽ, വസ്തുവകകൾ നശിപ്പിക്കൽ, നിയമപരമായ പരിശോധനകൾക്ക് വിസമ്മതിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. വുഡ്‌സ് ബ്രീത്ത് അനലൈസർ പരിശോധനയിൽ പരാജയപ്പെട്ടില്ലെങ്കിലും, മൂത്രപരിശോധനയ്ക്ക് തയ്യാറായില്ല. ഇത് മറ്റൊരു കുറ്റമായി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
വുഡ്‌സിൻ്റെ അടുത്ത സുഹൃത്തായ മുൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സംഭവത്തിൽ വിഷമം രേഖപ്പെടുത്തി. “അദ്ദേഹത്തിന് ചില ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്, ഇതൊരു അപകടമാണ്” എന്നാണ് ട്രംപ് പ്രതികരിച്ചത്. 50-കാരനായ ടൈഗർ വുഡ്‌സ് ഇതിനുമുമ്പും സമാനമായ രീതിയിലുള്ള വാഹനപകടങ്ങളിൽ പെട്ടിട്ടുണ്ട്. 2017-ലും ലഹരി മരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതിന് അദ്ദേഹം പിടിക്കപ്പെട്ടിരുന്നു. 2021-ലുണ്ടായ കടുത്ത അപകടത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
നിലവിൽ എട്ട് മണിക്കൂർ ജയിലിൽ കഴിഞ്ഞ ശേഷം ബോണ്ടിൽ വുഡ്‌സിനെ വിട്ടയക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. മിസ്‌ഡിമീനർ ഗണത്തിൽപ്പെടുന്ന കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
Car accident: Golf legend Tiger Woods arrested under drug laws















