ഫ്ലോറിഡയിൽ കാർ മരത്തിലിടിച്ച് തീപിടിച്ചു; തെലങ്കാന സ്വദേശികളായ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

വാഷിംഗ്ടൺ: യുഎസിലെ ഫ്ലോറിഡയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ തെലങ്കാന സ്വദേശികളായ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. ഫ്ലോറിഡയിലെ ബ്രെവാർഡ് കൗണ്ടിയിലുള്ള പാം ബേയിലെ ഇന്റർസ്റ്റേറ്റ് 95 ഹൈവേയിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അപകടം. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഹൈവേയിൽ നിന്ന് തെന്നിമാറി റോഡരികിലെ മരത്തിലിടിച്ച് തീപിടിക്കുകയായിരുന്നു. തങ്ങളുടെ പാർട്ട് ടൈം ജോലിസ്ഥലത്തേക്ക് കാറിൽ പോകുന്നതിനിടയിലാണ് ഇവർ അപകടത്തിൽപ്പെട്ടത്.

മരിച്ചവരിൽ ഒരാളെ തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ നവിപേട്ട് സ്വദേശിയായ എൻ. രാഹുൽ (24) ആയി തിരിച്ചറിഞ്ഞിട്ടുണ്ട്. ഉപരിപഠനാർത്ഥം മൂന്ന് മാസം മുൻപാണ് രാഹുൽ അമേരിക്കയിൽ എത്തിയത്. മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കിയ ശേഷം യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഫ്ലോറിഡയിൽ പിഎച്ച്ഡിക്ക് ചേർന്ന രാഹുൽ, ഒപ്പം പാർട്ട് ടൈം ജോലിയും നോക്കുന്നുണ്ടായിരുന്നു. അപകടസ്ഥലത്തു വച്ചുതന്നെ കാറിലുണ്ടായിരുന്ന ഡ്രൈവറും മുൻസീറ്റിലിരുന്ന മറ്റൊരു വിദ്യാർത്ഥിയും മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട മറ്റ് രണ്ട് വിദ്യാർത്ഥികളുടെ വിവരങ്ങൾ അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

അപകടം നടക്കുന്നതിന് തൊട്ടുമുൻപ് രാഹുൽ നാട്ടിലുള്ള അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു. സുഹൃത്തുക്കൾ തന്നെ ജോലിക്ക് കൂട്ടിക്കൊണ്ടുപോകാൻ വരുന്നുണ്ടെന്ന് പറഞ്ഞാണ് രാഹുൽ ഫോൺ വെച്ചത്. ബുധനാഴ്ച പുലർച്ചെയാണ് അപകടവിവരം കുടുംബം അറിയുന്നത്.

രാഹുലിന്റെ ഭൗതികശരീരം എത്രയും വേഗം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് കുടുംബം തെലങ്കാന സർക്കാരിനോടും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോടും അഭ്യർത്ഥിച്ചു. ആവശ്യമായ നിയമനടപടികൾക്കും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുമായി തെലുങ്ക് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (TANA) യുഎസ് അധികൃതരുമായി ചേർന്ന് സജീവമായി രംഗത്തുണ്ട്. അപകടത്തെക്കുറിച്ച് ഫ്ലോറിഡ ഹൈവേ പെട്രോൾ വിഭാഗം അന്വേഷണം ആരംഭിച്ചു.

Car crashes into tree and catches fire in Florida; Three Indian students from Telangana die tragically

More Stories from this section

family-dental
witywide