സുപ്രീംകോടതി വിധിയെത്തുടർന്ന് നികുതി പിരിവ് നിർത്തി യുഎസ് കസ്റ്റംസ്; കഴിഞ്ഞ ഒരു വർഷത്തിൽ പിരിച്ചത് 175 ബില്യൺ ഡോളർ

വാഷിംഗ്ടൺ: പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അടിയന്തരാധികാരം ഉപയോഗിച്ച് ഏർപ്പെടുത്തിയ നികുതികൾ പിരിക്കുന്നത് അമേരിക്കൻ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഔദ്യോഗികമായി നിർത്തിവെച്ചു. ട്രംപിന്റെ നികുതി നയം ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയെത്തുടർന്നാണ് ഈ നടപടി. ഫെബ്രുവരി 24 ചൊവ്വാഴ്ച പുലർച്ചെ 12:01 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വന്നു. 1977-ലെ ‘ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട്’ ഉപയോഗിച്ച് നികുതി ഏർപ്പെടുത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് 6-3 വോട്ടിനാണ് സുപ്രീം കോടതി വിധിച്ചത്. നികുതികൾ നിശ്ചയിക്കാനുള്ള അധികാരം കോൺഗ്രസിനാണെന്ന് കോടതി വ്യക്തമാക്കി.

ഇതോടെ, ഐഇഇപിഎ പ്രകാരം ചൈന, ഇന്ത്യ, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ അധിക നികുതികൾ പിരിക്കുന്നത് കസ്റ്റംസ് നിർത്തി. ഇതിനായി നിലവിലുണ്ടായിരുന്ന എല്ലാ ‘താരിഫ് കോഡുകളും’ ഡി-ആക്ടിവേറ്റ് ചെയ്തു. കഴിഞ്ഞ ഒരു വർഷമായി ഏകദേശം 175 ബില്യൺ ഡോളർ (ഏകദേശം 14.5 ലക്ഷം കോടി രൂപ) ഇത്തരത്തിൽ നികുതിയായി പിരിച്ചെടുത്തിട്ടുണ്ട്. ഇത് ഇറക്കുമതിക്കാർക്ക് തിരിച്ചുനൽകേണ്ടി വരുമോ എന്ന കാര്യത്തിൽ കസ്റ്റംസ് ഇതുവരെ വ്യക്തമായ അറിയിപ്പ് നൽകിയിട്ടില്ല.

കോടതി വിധിയോട് രൂക്ഷമായാണ് ട്രംപ് പ്രതികരിച്ചത്. വിധി പുറപ്പെടുവിച്ച ജഡ്ജിമാരെ അദ്ദേഹം വിമർശിച്ചു. തൊട്ടുപിന്നാലെ, 1974-ലെ ‘ട്രേഡ് ആക്ട്’ പ്രകാരമുള്ള മറ്റൊരു അധികാരം ഉപയോഗിച്ച് 15 ശതമാനം പുതിയ ആഗോള നികുതി അദ്ദേഹം പ്രഖ്യാപിച്ചു. ദേശീയ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് സ്റ്റീൽ, അലുമിനിയം തുടങ്ങിയവയ്ക്ക് ഏർപ്പെടുത്തിയിട്ടുള്ള മറ്റ് നികുതികളെ ഈ കോടതി വിധി ബാധിക്കില്ല. അവ നിലവിലുള്ളതുപോലെ തുടരും.
ട്രംപിന്‍റെ പുതിയ 15 ശതമാനം നികുതി പ്രഖ്യാപനം വീണ്ടും വലിയ നിയമപോരാട്ടങ്ങൾക്കും ആഗോള വിപണിയിൽ അസ്ഥിരതയ്ക്കും കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

More Stories from this section

family-dental
witywide