മനാമ: മിഡിൽ ഈസ്റ്റിലെ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനായി ബഹ്‌റൈൻ, ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ സംയുക്ത ചർച്ച നടത്തി. വ്യാഴാഴ്ച നടന്ന ഈ വെർച്വൽ മീറ്റിംഗിനെക്കുറിച്ചുള്ള വിവരങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് ആണ് പുറത്തുവിട്ടത്. മേഖലയിൽ വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളും ഇറാൻ ഭരണകൂടം നിരപരാധികളായ സിവിലിയന്മാർക്ക് നേരെ നടത്തുന്ന ബോധപൂർവമായ ആക്രമണങ്ങളും ചർച്ചയിൽ പ്രധാന വിഷയങ്ങളായി.
മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ പ്രതിനിധികൾ, സമാധാനം പുനഃസ്ഥാപിക്കുന്നതിനായി രാജ്യങ്ങൾ ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. മിഡിൽ ഈസ്റ്റിലുടനീളം ഇറാൻ നടത്തുന്ന ആസൂത്രിതമായ പ്രകോപനങ്ങളെയും ആക്രമണങ്ങളെയും യോഗം ശക്തമായി അപലപിച്ചു. ഇത്തരം നീക്കങ്ങൾ പ്രാദേശിക സുസ്ഥിരതയ്ക്ക് വലിയ ഭീഷണിയാണെന്ന് മൂന്ന് രാജ്യങ്ങളും സംയുക്തമായി വിലയിരുത്തി.
ബഹ്‌റൈൻ നാഷണൽ സെക്യൂരിറ്റി അഡൈ്വസറും സുപ്രീം ഡിഫൻസ് കൗൺസിൽ സെക്രട്ടറി ജനറലുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, ബ്രിട്ടീഷ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എയർ ചീഫ് മാർഷൽ റിച്ചാർഡ് നൈറ്റൺ, സെന്റകോം കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ എന്നിവരാണ് ഉന്നതതല ചർച്ചയിൽ പങ്കെടുത്തത്. സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഭാവിയിലെ വെല്ലുവിളികൾ നേരിടുന്നതിനുമുള്ള തന്ത്രപരമായ തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊണ്ടു.














