കേന്ദ്ര ബജറ്റ് ഇന്ന്; ആകാംക്ഷയോടെ കേരളം

തിരുവനന്തപുരം: നിർമ്മല സീതാരാമൻ ഇന്ന് കേന്ദ്രബജറ്റ് അവതരിപ്പിക്കുമ്പോൾ കേരളം ഉറ്റുനോക്കുന്നത് പ്രധാനമായും പദ്ധതികളിലല്ല. പകരം ബജറ്റിനോടൊപ്പം വരാനിരിക്കുന്ന ധനകാര്യ കമ്മിഷന്റെ ശുപാർശകളിലാണ്. ഇനി അഞ്ചുവർഷം കേരളത്തിന് കേന്ദ്രത്തിൽനിന്ന് എത്രപണം കിട്ടുമെന്നത് തീരുമാനിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. 15-ാം ധനകാര്യ കമ്മിഷൻ 1.93 ശതമാനം മാത്രമാണ് കേരളത്തിന് അനുവദിച്ച നികുതി വിഹിതം. ഇത്തവണ 2.79 ശതമാനത്തിന് അർഹതയുണ്ടെന്നാണ് കേരളം കമ്മിഷനുമുന്നിൽ വാദിച്ചത്.

കേന്ദ്രം സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്ന മൊത്തത്തിലുള്ള നികുതിവിഹിതം 42-ൽനിന്ന് 50 ശതമാനമായി ഉയർത്തണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ 2.79 ശതമാനം കിട്ടിയാൽ വലിയ നേട്ടമാകും. വിഹിതം കുറഞ്ഞാൽ സാമ്പത്തികഭാവിയെ ബാധിക്കുമെന്ന ഉത്കണ്ഠയും കേരളത്തിനുണ്ട്. കമ്മിഷനു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ട തുക അനുസരിച്ചാണ് ഇത്തവണ സംസ്ഥാനം ബജറ്റ് തയ്യാറാക്കിയത്.

വിഹിതം കുറഞ്ഞാൽ ബജറ്റിലെ പ്രഖ്യാപനങ്ങൾ നടപ്പാക്കാൻ വല്ലാതെ ബുദ്ധിമുട്ടേണ്ടിവരും. കടംകുറച്ചതും കേന്ദ്രസഹായം കുറഞ്ഞതും കാരണമുണ്ടായ വരുമാനനഷ്ട‌ം നികത്താൻ 21,000 കോടിയുടെ സ്പെഷ്യൽ പാക്കേജ് ബജറ്റിൽ കേന്ദ്രം പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ പ്രതിരോധ ഗവേഷണ ഇടനാഴി, റെയർ എർത്ത് കോറിഡോർ, മടങ്ങിവരുന്ന പ്രവാസികൾക്കായി നാഷണൽ സ്കിൽഡ് മൊബിലിറ്റി ഫ്രെയിംവർക്, സൂക്ഷ്മ‌ ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ ആധുനികീകരണത്തിനുള്ള നിക്ഷേപം തുടങ്ങിയവയാണ് പുതുതായി കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിക്കുള്ള കേന്ദ്രവിഹിതം 60 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്തണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

Central Budget today; Kerala anxiously awaiting