
ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് കേരള എന്നതിന് പകരം കേരളം എന്നാക്കി മാറ്റാനുള്ള ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവതീർത്ഥിൽ ചേർന്ന ആദ്യ മന്ത്രിസഭായോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനമുണ്ടായത്. ഇംഗ്ലീഷിൽ കേരള എന്നും ഹിന്ദിയിൽ കേരൾ എന്നും ഉപയോഗിക്കുന്നത് ഒഴിവാക്കി എല്ലാ ഭാഷകളിലും കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ നേരത്തെ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് കേന്ദ്രം ഇപ്പോൾ ഭരണഘടനാ ഭേദഗതിക്ക് ഒരുങ്ങുന്നത്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് സൂചന.
കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ നടപടിക്രമങ്ങളുടെ ഭാഗമായി ബില്ല് രാഷ്ട്രപതി കേരള നിയമസഭയുടെ അഭിപ്രായത്തിനായി അയക്കും. നിയമസഭയുടെ മറുപടി ലഭിച്ച ശേഷമായിരിക്കും പാർലമെന്റ് ബില്ല് ഔദ്യോഗികമായി പരിഗണനയ്‌ക്കെടുക്കുക. 2011-ൽ ഒറീസ എന്ന പേര് മാറ്റി ഒഡീഷ എന്നാക്കിയതിന് സമാനമായ രീതിയിലായിരിക്കും കേരളത്തിന്റെ പേര് മാറ്റവും നടപ്പിലാക്കുക. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവർ ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പേര് മാറ്റം നടപ്പിലാകുന്നതോടെ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ പേര് കേരളം എന്നായി മാറും.
Centre Approves Bill to Rename Kerala as Keralam; Constitution Amendment to be Tabled in Parliament














