
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്ക് മറുപടിയുമായി മകൻ ചാണ്ടി ഉമ്മൻ എംഎൽഎ രംഗത്തെത്തി. തന്റെ കുടുംബം തകർത്തത് ഉമ്മൻ ചാണ്ടിയാണെന്ന ഗണേഷ് കുമാറിന്റെ പരാമർശം തികച്ചും അടിസ്ഥാനരഹിതമാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഗണേഷ് കുമാർ ഇക്കാര്യം സ്വന്തം മനസാക്ഷിയോട് തന്നെ ചോദിക്കണമെന്നും, ആ പരാമർശം തെറ്റായിരുന്നോ എന്ന് അദ്ദേഹം തന്നെ സ്വയം ചിന്തിക്കണമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
ഗണേഷിനെതിരെ ആദ്യം താൻ ഉന്നയിച്ച കാര്യങ്ങളെല്ലാം സത്യമാണെന്നും അത് കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായി ബോധ്യമുള്ളതാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സത്യവിരുദ്ധമായി താൻ ഒന്നും പറഞ്ഞിട്ടില്ല. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ നടന്ന കാര്യങ്ങൾ തുറന്നു പറയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരിച്ചുപോയ തന്റെ പിതാവിനെ വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഗണേഷ് കുമാറിനെപ്പോലെ ഒരാളിൽ നിന്നും തന്റെ പിതാവിന് ഇത്തരം അനുഭവങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് മാത്രമാണ് താൻ ചൂണ്ടിക്കാട്ടിയത്. അനാവശ്യമായ ആരോപണ പ്രത്യാരോപണങ്ങൾക്കില്ലെന്നും സത്യാവസ്ഥ പൊതുസമൂഹത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് കുമാർ തന്റെ നിലപാടുകൾ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മറുപടിയിൽ സൂചിപ്പിച്ചു.














