പൊതുഅവധി ദിവസങ്ങളിൽ നാമനിർദ്ദേശ പത്രിക സ്വീകരിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ പൊതുഅവധി ദിവസങ്ങളിൽ സ്വീകരിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ അറിയിച്ചു. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 33(1) പ്രകാരമാണ് ഈ നടപടി.

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം മാർച്ച് 20 വെള്ളിയാഴ്ച (ഈദുൽ ഫിത്തർ/റംസാൻ) സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ ഈ ദിവസം വരണാധികാരികൾ പത്രികകൾ സ്വീകരിക്കില്ല.

മാർച്ച് 23 തിങ്കളാഴ്ചയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. പത്രികാ സമർപ്പണത്തിന് പരിമിതമായ സമയം മാത്രമേ ലഭ്യമാകൂ എന്നതിനാൽ, രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് ഇതുസംബന്ധിച്ച് കൃത്യമായ നിർദ്ദേശം നൽകണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. സമയബന്ധിതമായി പത്രികകൾ സമർപ്പിക്കുന്നുവെന്ന് പാർട്ടികൾ ഉറപ്പാക്കണം.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർച്ച് 16-ലെ വിജ്ഞാപന പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചായിരിക്കണം പത്രികാ സമർപ്പണം നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

chief electoral officer says nomination papers will not be accepted on public holidays

More Stories from this section

family-dental
witywide