
ബെയ്ജിംഗ്: വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ച നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചൈന വീണ്ടും ആഞ്ഞടിച്ചു. മഡുറോയെയും ഭാര്യയയെും ഉടൻ വിട്ടയക്കണമെന്നും വെനിസ്വേലയിലെ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളിൽ നിന്ന് അമേരിക്ക പിന്മാറണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. മഡുറോയെ വിചാരണ ചെയ്യാനായി ന്യൂയോർക്കിലെ കോടതിയിൽ ഹാജരാക്കുന്നതിനെതിരെ ബീജിംഗിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ചൈന തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ലോകാധിപതിയെപ്പോലെ പെരുമാറുന്ന അമേരിക്കയുടെ രീതി അംഗീകരിക്കാനാവില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. “ലോകത്തിന്റെ പോലീസാകാൻ ഒരു രാജ്യത്തെയും ഞങ്ങൾ അനുവദിക്കില്ല, ലോകത്തിന്റെ ജഡ്ജിയായി ചമയാനുള്ള ഒരു രാജ്യത്തിന്റെ അവകാശവാദവും ഞങ്ങൾ അംഗീകരിക്കുകയുമില്ല,” പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹം പറഞ്ഞു. ലാറ്റിൻ അമേരിക്കയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഈ നടപടി വലിയ ഭീഷണിയാണെന്നും ചൈന ചൂണ്ടിക്കാട്ടി.
അമേരിക്കയുടെ സൈനിക നടപടിക്കെതിരെ ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേരണമെന്ന കൊളംബിയയുടെ ആവശ്യത്തെ ചൈന പിന്തുണച്ചു. വെനിസ്വേലയിലെ താൽക്കാലിക ഭരണചുമതലയേറ്റ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ആഭ്യന്തര കാര്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുമെന്ന് ചൈന പ്രത്യാശ പ്രകടിപ്പിച്ചു. രാഷ്ട്രീയ സാഹചര്യം എന്തുതന്നെയായാലും വെനിസ്വേലയുമായുള്ള സഹകരണം തുടരുമെന്നും ചൈന വ്യക്തമാക്കി.














