
ബെയ്ജിംഗ്: വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പിടികൂടാനായി അമേരിക്ക നടത്തിയ സൈനിക നീക്കത്തെ അതിശക്തമായ ഭാഷയിൽ അപലപിച്ച് ചൈന രംഗത്തെത്തി. ഒരു പരമാധികാര രാഷ്ട്രത്തിന് നേരെയും അവിടുത്തെ ഭരണത്തലവന് നേരെയും അമേരിക്ക നടത്തിയ ഈ കടന്നുകയറ്റം തങ്ങളെ അത്യന്തം ഞെട്ടിച്ചുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടുള്ള അമേരിക്കയുടെ ഈ ആധിപത്യ സ്വഭാവം ലാറ്റിൻ അമേരിക്കയിലെയും കരീബിയൻ മേഖലയിലെയും സമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് ചൈന കുറ്റപ്പെടുത്തി.
മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ബലം പ്രയോഗിച്ച് ഇടപെടുന്നത് ഐക്യരാഷ്ട്രസഭയുടെ ചാർട്ടറുകളുടെ നഗ്നമായ ലംഘനമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി. ഇത്തരം ‘ഹെജിമണിക്’ അഥവാ ആധിപത്യപരമായ നീക്കങ്ങളിൽ നിന്ന് അമേരിക്ക പിന്മാറണമെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. വെനിസ്വേലയുടെ പരമാധികാരത്തെ മാനിക്കാത്ത അമേരിക്കൻ നിലപാട് അംഗീകരിക്കാനാവില്ലെന്നും ചൈന തങ്ങളുടെ ഔദ്യോഗിക നിലപാടിലൂടെ വ്യക്തമാക്കി. മഡുറോയുടെ അറസ്റ്റും തുടർന്നുണ്ടായ സ്ഫോടനങ്ങളും മേഖലയെ വലിയ അസ്ഥിരതയിലേക്ക് നയിക്കുമെന്ന ആശങ്കയും ചൈന പങ്കുവെച്ചു.
വെനിസ്വേലയുമായി അടുത്ത സാമ്പത്തിക-തന്ത്രപ്രധാന ബന്ധം പുലർത്തുന്ന ചൈന, ഈ സൈനിക നീക്കത്തെ അമേരിക്കയുടെ ഏകപക്ഷീയമായ കടന്നാക്രമണമായാണ് കാണുന്നത്. മഡുറോയെ പിടികൂടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ ചൈനീസ് പ്രതിനിധി ക്വി സിയാഖി കാരക്കാസിലെത്തി മഡുറോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ, ചൈനയുടെ പ്രതിഷേധം അന്താരാഷ്ട്ര തലത്തിൽ അമേരിക്കയ്ക്ക് വലിയ നയതന്ത്ര സമ്മർദ്ദം ചെലുത്തുമെന്നുറപ്പാണ്. റഷ്യയ്ക്കും ഇറാന്റെയും പിന്നാലെ ചൈനയും പരസ്യമായ എതിർപ്പുമായി വന്നതോടെ വെനിസ്വേല വിഷയം ആഗോള ശക്തികൾ തമ്മിലുള്ള വലിയ തർക്കമായി പരിണമിച്ചിരിക്കുകയാണ്.















