മിംഗ് സംഘത്തിലെ 11 അംഗങ്ങളെയും വധിച്ച് ചൈന; മ്യാൻമറിലെ ഭീകരമായ തട്ടിപ്പ് കേന്ദ്രങ്ങൾ നിയന്ത്രിച്ചിരുന്ന ‘സ്കാം മാഫിയ’ക്കെതിരെ നടപടി

ബീജിംഗ്: മ്യാൻമർ കേന്ദ്രീകരിച്ച് കോടിക്കണക്കിന് രൂപയുടെ സൈബർ തട്ടിപ്പുകളും കൊലപാതകങ്ങളും നടത്തിവന്ന കുപ്രസിദ്ധമായ ‘മിംഗ്’ ക്രിമിനൽ സംഘത്തിലെ 11 അംഗങ്ങളെ ചൈന വധശിക്ഷയ്ക്ക് വിധേയരാക്കി. വ്യാഴാഴ്ചയാണ് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ ഈ വിവരം പുറത്തുവിട്ടത്. വടക്കൻ മ്യാൻമറിലെ ഭീകരമായ തട്ടിപ്പ് കേന്ദ്രങ്ങൾ നിയന്ത്രിച്ചിരുന്ന ‘നാല് പ്രധാന കുടുംബങ്ങളിൽ’ ഒന്നാണ് മിംഗ് കുടുംബം. മനഃപൂർവ്വമായ നരഹത്യ, തട്ടിക്കൊണ്ടുപോകൽ, നിയമവിരുദ്ധമായി തടവിൽ വയ്ക്കൽ, കോടികളുടെ സാമ്പത്തിക തട്ടിപ്പ്, ചൂതാട്ട കേന്ദ്രങ്ങൾ നടത്തുക എന്നിവയായിരുന്നു ഇവർക്കെതിരെയുള്ള പ്രധാന കുറ്റങ്ങൾ.

2015 മുതൽ ഇവർ നടത്തിയ പ്രവർത്തനങ്ങൾ 14 ചൈനീസ് പൗരന്മാരുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കുന്നതിനും കാരണമായി. 2025 സെപ്റ്റംബറിൽ സെജിയാങ് പ്രവിശ്യയിലെ കോടതിയാണ് ഇവർക്ക് വധശിക്ഷ വിധിച്ചത്. പ്രതികൾ നൽകിയ അപ്പീൽ ചൈനീസ് സുപ്രീം കോടതി തള്ളിയതോടെയാണ് വ്യാഴാഴ്ച വധശിക്ഷ നടപ്പിലാക്കിയത്. 2023 നവംബറിൽ ബീജിംഗ് പുറപ്പെടുവിച്ച അറസ്റ്റ് വാറന്‍റിനെത്തുടർന്ന് മ്യാൻമർ അധികൃതർ ഇവരെ പിടികൂടി ചൈനയ്ക്ക് കൈമാറുകയായിരുന്നു. സംഘത്തലവനായിരുന്ന മിംഗ് ഷുചാങ് തടവിലായിരിക്കെ ആത്മഹത്യ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മകൻ മിംഗ് ഗുോപിംഗ്, ചെറുമകൾ മിംഗ് സെൻസെൻ എന്നിവരും വധിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

മ്യാൻമറിലെ ലൗകൈങ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ‘ക്രൗച്ചിംഗ് ടൈഗർ വില്ല’ എന്ന കേന്ദ്രമായിരുന്നു ഇവരുടെ പ്രധാന താവളം. പതിനായിരത്തോളം പേരെ ഇവിടെ അടിമകളാക്കി സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിച്ചിരുന്നു. അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ വെടിവെച്ചുകൊല്ലുന്നത് ഇവരുടെ രീതിയായിരുന്നു. 2023 ഒക്ടോബറിൽ തടവുകാരെ കൈമാറുന്നതിനിടെ ചൈനീസ് പൗരന്മാർക്ക് നേരെ വെടിയുതിർത്ത ‘1020 സംഭവം’ ആണ് ചൈനയെ പ്രകോപിപ്പിച്ചത്. അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായ ഈ വധശിക്ഷ, അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾക്കെതിരെ ചൈന നൽകുന്ന ശക്തമായ മുന്നറിയിപ്പായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

More Stories from this section

family-dental
witywide