
വാഷിംഗ്ടൺ: ആറാഴ്ച നീണ്ടുനിന്ന അമേരിക്ക-ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള നിർണ്ണായക ചർച്ചകൾ പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ നടക്കാനിരിക്കെ, മേഖലയിൽ വീണ്ടും സംഘർഷം വിതയ്ക്കുന്ന ചൈനീസ് നീക്കം പുറത്ത്. ഇറാനിലേക്ക് പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൈമാറാൻ ചൈന അതീവ രഹസ്യമായി തയ്യാറെടുക്കുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഇറാനിലേക്ക് ആയുധങ്ങൾ എത്തിക്കാനാണ് ബീജിംഗ് ലക്ഷ്യമിടുന്നത്. ആയുധങ്ങളുടെ ഉറവിടം ആരും തിരിച്ചറിയാതിരിക്കാൻ മൂന്നാം രാജ്യങ്ങൾ വഴിയാണ് ഇവ കടത്താൻ ചൈന ശ്രമിക്കുന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. തോളിൻ്റെ സഹായത്തോടെ തൊടുത്തുവിടാവുന്ന ‘മാൻപാഡ്സ്’ എന്നറിയപ്പെടുന്ന വിമാനവിരുദ്ധ മിസൈൽ സംവിധാനങ്ങളാണ് ചൈന കൈമാറുന്നത്. താഴ്ന്നുപറക്കുന്ന വിമാനങ്ങളെ തകർക്കാൻ ശേഷിയുള്ള ഇവ മേഖലയിലെ അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് വലിയ ഭീഷണിയാണ്.
എന്നാൽ ഈ ആരോപണങ്ങൾ വാഷിംഗ്ടണിലെ ചൈനീസ് എംബസി നിഷേധിച്ചു. ചൈന ഒരു പക്ഷത്തിനും ആയുധം നൽകിയിട്ടില്ലെന്നും വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ചൈനീസ് വക്താക്കൾ അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കാൻ ശനിയാഴ്ച ഇസ്‌ലാമാബാദിൽ ഉന്നതതല ചർച്ചകൾ ആരംഭിക്കുകയാണ്. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാൻ പ്രതിനിധികളായ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഖർ കാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചി എന്നിവരും ചർച്ചയിൽ പങ്കെടുക്കാൻ പാകിസ്ഥാനിൽ എത്തിയിട്ടുണ്ട്. സമാധാന ചർച്ചകൾക്കിടെയുള്ള ഈ ആയുധക്കൈമാറ്റ വാർത്ത ചർച്ചകളുടെ ഗതിയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.
China secretly sending weapons to Iran amid crucial talks to end war: US intelligence report















