തുറന്നടിച്ച് ചൈന, അമേരിക്ക ഈ പരിപാടി നിർത്തണം; ‘ചൈനീസ് ഭീഷണി’ എന്ന പേരിൽ വ്യാജാരോപണങ്ങൾ വേണ്ട, ട്രംപിന് കടുത്ത മറുപടി

ബീജിംഗ്: ആർട്ടിക് മേഖലയിൽ ചൈന ഭീഷണിയുയർത്തുന്നു എന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി ചൈനീസ് വിദേശകാര്യ മന്ത്രാലയം. തങ്ങളുടെ സ്വാർത്ഥ ലാഭങ്ങൾക്കായി ‘ചൈന ഭീഷണി’ എന്ന പേരിൽ വ്യാജാരോപണങ്ങൾ ഉന്നയിക്കുന്നത് അമേരിക്ക നിർത്തണമെന്ന് മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ ബീജിംഗിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഗ്രീൻലാൻഡ് വിഷയത്തിൽ ഇതിനോടകം തന്നെ ചൈന തങ്ങളുടെ നിലപാട് പലതവണ വ്യക്തമാക്കിയതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആർട്ടിക് മേഖലയിൽ ചൈനയുടെയും റഷ്യയുടെയും കടന്നുകയറ്റം തടയാൻ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാകണമെന്ന ട്രംപിന്റെ പ്രസ്താവനയാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. വടക്കേ അമേരിക്കയെ ബാലിസ്റ്റിക് മിസൈലുകളിൽ നിന്ന് സംരക്ഷിക്കുന്നതിനായി ‘ഗോൾഡൻ ഡോം’ എന്ന മിസൈൽ പ്രതിരോധ കവചം സ്ഥാപിക്കാൻ ഗ്രീൻലാൻഡ് അത്യന്താപേക്ഷിതമാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു.

ഐക്യരാഷ്ട്രസഭയുടെ ചാർട്ടറുകളിൽ അധിഷ്ഠിതമായ അന്താരാഷ്ട്ര നിയമങ്ങളാണ് നിലവിലെ ലോകക്രമത്തിന്റെ അടിസ്ഥാനമെന്നും അവ ലംഘിക്കപ്പെടാൻ പാടില്ലെന്നും ചൈനീസ് വക്താവ് വ്യക്തമാക്കി. ഗ്രീൻലാൻഡിന്റെ പരമാധികാരത്തെ മാനിക്കണമെന്ന പരോക്ഷ സൂചനയാണ് ചൈന ഇതിലൂടെ നൽകുന്നത്.

Also Read

More Stories from this section

family-dental
witywide