അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന, ഇറാനിലെ ആഭ്യന്തര വിഷയങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടൽ പാടില്ല; ‘മധ്യേഷ്യയിൽ സമാധാനം വേണം’

ബെയ്ജിംഗ്: ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നതിനിടെ, ഇറാന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള അമേരിക്കയുടെ നീക്കത്തെ ശക്തമായി എതിർത്ത് ചൈന. ഇറാനിലെ പ്രക്ഷോഭകർക്ക് നേരെ സൈനിക നടപടിയുണ്ടായാൽ ഇടപെടുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണിക്ക് പിന്നാലെയാണ് ചൈനയുടെ ഈ പ്രതികരണം. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനെ ചൈന എപ്പോഴും എതിർക്കുന്നുവെന്ന് മാവോ നിംഗ് പറഞ്ഞു. അന്താരാഷ്ട്ര നിയമപ്രകാരം ഓരോ രാജ്യത്തിന്റെയും പരമാധികാരവും സുരക്ഷയും സംരക്ഷിക്കപ്പെടണമെന്നും ചൈന വ്യക്തമാക്കി.

അന്താരാഷ്ട്ര ബന്ധങ്ങളിൽ സൈനിക ശക്തി ഉപയോഗിക്കുന്നതിനെയോ അല്ലെങ്കിൽ ഭീഷണിപ്പെടുത്തുന്നതിനെയോ ചൈന അനുകൂലിക്കുന്നില്ല. മധ്യേഷ്യയിൽ സമാധാനവും സ്ഥിരതയും നിലനിർത്താൻ എല്ലാ കക്ഷികളും സഹകരിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. നിലവിലെ പ്രതിസന്ധികളെ മറികടന്ന് രാജ്യത്ത് സ്ഥിരത കൊണ്ടുവരാൻ ഇറാന്‍റെ ഗവൺമെന്‍റിനും ജനങ്ങൾക്കും സാധിക്കുമെന്ന് ചൈന പ്രത്യാശ പ്രകടിപ്പിച്ചു.

ഇറാനിൽ ഡിസംബർ 28-ന് തുടങ്ങിയ പ്രക്ഷോഭത്തിൽ ഇതിനകം തന്നെ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പ്രക്ഷോഭകരെ കൊലപ്പെടുത്തിയാൽ ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു. ഇതേത്തുടർന്ന് മേഖലയിൽ യുദ്ധഭീതി നിലനിൽക്കെയാണ് ചൈനയുടെ നിർണ്ണായക ഇടപെടൽ.

More Stories from this section

family-dental
witywide