
വാഷിംഗ്ടൺ: മിനിയാപൊളിസിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള എല്ലാ ഹോംലാൻഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്കും ഉടൻ തന്നെ ബോഡി-വോൺ ക്യാമറകൾ നൽകുമെന്ന് സെക്രട്ടറി ക്രിസ്റ്റി നോം പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് ഈ സുപ്രധാന തീരുമാനം അറിയിച്ചത്. കഴിഞ്ഞ മാസങ്ങളിൽ മിനിയാപൊളിസിൽ ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റ് അലക്സ് പ്രെറ്റി, റെനി ഗുഡ് എന്നീ രണ്ട് യുഎസ് പൗരന്മാർ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ കടുത്ത പ്രതിഷേധങ്ങളാണ് ഈ തീരുമാനത്തിന് പിന്നിൽ. ഫെഡറൽ ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണങ്ങളും സാക്ഷിമൊഴികളും തമ്മിലുള്ള വൈരുദ്ധ്യം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
മിനിയാപൊളിസിലെ ഫീൽഡ് ഓഫീസർമാർക്ക് ക്യാമറകൾ ഉടനടി ലഭ്യമാക്കുമെന്നും, ഫണ്ടിൻ്റെ ലഭ്യതയനുസരിച്ച് ഈ പദ്ധതി രാജ്യമൊട്ടാകെ വ്യാപിപ്പിക്കുമെന്നും ക്രിസ്റ്റി നോം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ അറിയിച്ചു.
ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിൻ്റെ ഫണ്ടിംഗുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ഈ നീക്കം സഹായിച്ചേക്കാമെന്നാണ് വിലയിരുത്തൽ. ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകൾ നിർബന്ധമാക്കണമെന്നത് ഡെമോക്രാറ്റുകളുടെ പ്രധാന ആവശ്യമായിരുന്നു.
അതേസമയം, പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഈ തീരുമാനത്തെ പിന്തുണയ്ക്കുകയും. നിയമപാലകർ ക്യാമറകൾ ധരിക്കുന്നത് സത്യസന്ധമായ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ സഹായിക്കുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു..
ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുകയാണ് ഈ പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നത്.
Christie Noam says body cameras will soon be available to immigration agents in Minneapolis












