ട്രംപിന്റെ ലക്ഷ്യങ്ങൾ പൂ‌ർ‌ത്തീകരിക്കാൻ സിഐഎ ഡയറക്ടർ വെനസ്വേലയിൽ; ഇടക്കാല പ്രസിഡന്റുമായി കൂടിക്കാഴ്ച; സാമ്പത്തിക സഹകരണവും സുരക്ഷയും ചർച്ചയായി

കാരക്കാസ്: അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ ഡയറക്ടർ ജോൺ റാറ്റ്‌ക്ലിഫ്, വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി കാരക്കാസിൽ കൂടിക്കാഴ്ച നടത്തി. വെനസ്വേലയിലെ നിലവിലെ രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ അതീവ പ്രാധാന്യത്തോടെയാണ് ഈ സന്ദർശനത്തെ ലോകം നോക്കിക്കാണുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ച് കൂടിക്കാഴ്ചയിൽ റാറ്റ്‌ക്ലിഫ് ചർച്ച ചെയ്തതായി യുഎസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. അമേരിക്കയുടെ ശത്രുക്കൾക്കും പ്രത്യേകിച്ച് മയക്കുമരുന്ന് കടത്തുസംഘങ്ങൾക്കും ഇനിമുതൽ വെനസ്വേല സുരക്ഷിത താവളമാകാൻ പാടില്ലെന്ന് അദ്ദേഹം കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.

ഇരുപക്ഷവും തമ്മിലുള്ള വിശ്വാസം വളർത്തുന്നതിനും സിഐഎയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനുമാണ് ഈ സന്ദർശനം ലക്ഷ്യമിടുന്നത്. ഈ മാസമാദ്യം നിക്കോളാസ് മഡുറോയെ പിടികൂടിയതിന് പിന്നാലെ വെനസ്വേലയുടെ നിയന്ത്രണം, പ്രത്യേകിച്ച് എണ്ണ ഉൽപ്പാദനം അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അമേരിക്ക തന്നെ രാജ്യം നടത്തുമെന്നാണ് ട്രംപിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് മഡുറോ സർക്കാരിൽ നേരത്തെ നിർണ്ണായക പദവി വഹിച്ചിരുന്ന ഡെൽസി റോഡ്രിഗസിനെ ട്രംപ് പിന്തുണയ്ക്കുന്നത്.

പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും, ഭരണപരമായ കാര്യങ്ങളിൽ മഡുറോയുടെ മുൻ സഹപ്രവർത്തകയായ റോഡ്രിഗസിനാണ് ട്രംപ് നിലവിൽ മുൻഗണന നൽകുന്നത്. വെനസ്വേലയുടെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനും മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനും സിഐഎ മേധാവിയുടെ ഈ സന്ദർശനം വഴിതെളിക്കുമെന്നാണ് യുഎസ് വൃത്തങ്ങൾ കരുതുന്നത്.

Also Read

More Stories from this section

family-dental
witywide