ലോകത്തെ അമ്പരിപ്പിച്ച് സിഐഎ നീക്കം, ചൈനീസ് സൈനികരെ ചാരന്മാരാക്കി രഹസ്യങ്ങൾ ചോ‌ർത്തുക ലക്ഷ്യം; ഷി ജിൻപിങ്ങിനെതിരെയുള്ള അസംതൃപ്തി മുതലെടുക്കാൻ നീക്കം

വാഷിംഗ്ടൺ: ചൈനീസ് സൈന്യത്തിലെ അഴിമതിയിലും പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്ന സൈനിക ഉദ്യോഗസ്ഥരുടെ കൂട്ടത്തുടച്ചുനീക്കലിലും അസംതൃപ്തരായ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് സിഐഎ പുതിയ റിക്രൂട്ട്‌മെന്റ് വീഡിയോ പുറത്തിറക്കി. മാൻഡറിൻ ഭാഷയിലുള്ള ഈ വീഡിയോ വ്യാഴാഴ്ചയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്തത്. ഒരു സാങ്കൽപ്പിക ചൈനീസ് സൈനിക ഉദ്യോഗസ്ഥൻ തന്റെ ഭരണകൂടത്തിന്റെ നയങ്ങളിൽ മടുത്ത് സിഐഎയുമായി ബന്ധപ്പെടാൻ തീരുമാനിക്കുന്നതാണ് വീഡിയോയുടെ പ്രമേയം. “നേതൃപാടവമുള്ള ആരെയും ഭരണകൂടം ഭയപ്പെടുകയും അവരെ നിർദ്ദയമായി ഇല്ലാതാക്കുകയും ചെയ്യുന്നു” എന്ന് വീഡിയോയിലെ ആഖ്യാതാവ് പറയുന്നു.

“ഈ ഭ്രാന്തന്മാരുടെ കൈകളിൽ എന്റെ മകളുടെ ഭാവി വിട്ടുകൊടുക്കാൻ എനിക്ക് കഴിയില്ല” എന്ന വൈകാരികമായ വരികളിലൂടെ സൈനികരുടെ കുടുംബത്തോടുള്ള സ്നേഹത്തെയും മൂല്യങ്ങളെയും സ്പർശിക്കാനാണ് സിഐഎ ശ്രമിക്കുന്നത്. ചൈനീസ് മിലിട്ടറിയിലെ ഇടത്തരം റാങ്കിലുള്ള ഉദ്യോഗസ്ഥരെ ചാരന്മാരായി മാറ്റുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം. ചൈനീസ് സൈന്യത്തിലെ ഉന്നത ജനറൽമാരായ ഷാങ് യൂക്സിയ, ലിയു ഷെൻലി എന്നിവർക്കെതിരെ അടുത്തിടെ അഴിമതി അന്വേഷണം ആരംഭിച്ചിരുന്നു. ഈ രാഷ്ട്രീയ അസ്ഥിരത മുതലെടുക്കാനാണ് സിഐഎയുടെ നീക്കം.

അമേരിക്കയുടെ ഈ നീക്കം “അപകടകരമായ പ്രകോപനമാണെന്ന്” ചൈന വിശേഷിപ്പിച്ചു. ഇത്തരം വിദേശ കടന്നുകയറ്റങ്ങളെയും ചാരപ്രവർത്തനങ്ങളെയും നേരിടാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ വ്യക്തമാക്കി.
വീഡിയോയുടെ അവസാനം, സിഐഎയുമായി സുരക്ഷിതമായി ബന്ധപ്പെടുന്നതിന് ‘ടോർ’ ബ്രൗസറും ഡാർക്ക് വെബ്ബ് ലിങ്കുകളും ഉപയോഗിക്കാനുള്ള നിർദ്ദേശങ്ങളും നൽകുന്നുണ്ട്. കഴിഞ്ഞ വർഷം മുതൽ ചൈന, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ട് സിഐഎ ഇത്തരം വീഡിയോകൾ പുറത്തിറക്കുന്നുണ്ട്. ഇത് വഴി ഹ്യൂമൻ ഇന്റലിജൻസ് ശേഖരിക്കുന്നതിൽ വലിയ മുന്നേറ്റം ഉണ്ടായതായി സിഐഎ ഡയറക്ടർ ജോൺ റാറ്റ്‌ക്ലിഫ് അവകാശപ്പെട്ടു.

More Stories from this section

family-dental
witywide