
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ തിങ്കളാഴ്ച നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണത്തിൽ അവിടുത്തെ സി.ഐ.എ സ്റ്റേഷനും നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. എംബസി കോംപ്ലക്സിനുള്ളിൽത്തന്നെയുള്ള സി.ഐ.എ സ്റ്റേഷന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല.
ആകെ നാല് ഇറാനിയൻ ഡ്രോണുകളാണ് എംബസി ലക്ഷ്യമിട്ട് എത്തിയത്. ഇതിൽ രണ്ട് ഡ്രോണുകൾ എംബസിയിൽ നേരിട്ട് പതിച്ചതായും മറ്റ് രണ്ടെണ്ണം എംബസിക്ക് സമീപത്തായി പതിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മേഖലയിലെ അമേരിക്കൻ രാഷ്ട്രീയ കേന്ദ്രങ്ങളെ നശിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായി ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അറിയിച്ചു. റിയാദിലെ എംബസിക്ക് നേരെയുണ്ടായ സ്ഫോടനം ഇതിൻ്റെ ഭാഗമാണെന്ന് അവർ ടെലഗ്രാമിലൂടെ വ്യക്തമാക്കി.
വാഷിംഗ്ടൺ പോസ്റ്റ് ആണ് സി.ഐ.എ സ്റ്റേഷന് നാശനഷ്ടം സംഭവിച്ച വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ സി.ഐ.എ ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. നേരത്തെ, ആക്രമണത്തിൽ ചെറിയ തോതിലുള്ള തീപിടുത്തവും നാശനഷ്ടങ്ങളും മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നായിരുന്നു സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നത്.
CIA station also damaged in Iranian drone attack on US embassy in Riyadh















