
വാഷിംഗ്ടൺ: അമേരിക്കൻ പൗരാവകാശ പോരാട്ട ചരിത്രത്തിലെ ഇതിഹാസ തുല്യമായ വ്യക്തിത്വം ക്ലോഡെറ്റ് കോൾവിൻ 86-ാം വയസ്സിൽ അന്തരിച്ചു.
1955-ൽ അലബാമയിലെ മോണ്ട്ഗോമറിയിൽ കറുത്തവർഗ്ഗക്കാർക്കായി മാറ്റിവെച്ച സീറ്റിൽ നിന്നും വെള്ളക്കാരന് വേണ്ടി എഴുന്നേറ്റു കൊടുക്കാൻ വിസമ്മതിച്ചതിലൂടെയാണ് ക്ലോഡെറ്റ് ചരിത്രത്തിൽ ഇടംപിടിച്ചത്. പ്രശസ്ത പൗരാവകാശ പ്രവർത്തക റോസ പാർക്സ് ഇതേ നിലപാട് സ്വീകരിക്കുന്നതിന് ഒൻപത് മാസം മുമ്പായിരുന്നു 15 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ക്ലോഡെറ്റിന്റെ ഈ വിപ്ലവകരമായ നീക്കം. അക്കാലത്തെ വംശീയ വിവേചന നിയമങ്ങൾക്കെതിരെയുള്ള ആദ്യകാല പ്രക്ഷോഭങ്ങളിൽ ഒന്നായിരുന്നു ഇത്.
1955 മാർച്ച് 2-ന്, അലബാമയിലെ മോണ്ട്ഗോമറിയിൽ 15 വയസ്സുകാരിയായിരുന്ന കോൾവിൻ, തിരക്കേറിയ ഒരു ബസ്സിൽ ഒരു വെള്ളക്കാരിക്ക് തന്റെ സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറായില്ല. തന്റെ ഭരണഘടനാപരമായ അവകാശമാണെന്ന് വാദിച്ചതിനെത്തുടർന്ന് അവരെ പൊലീസ് ബലമായി അറസ്റ്റ് ചെയ്തു. പൊതു ക്രമസമാധാനം തകർത്തതിന് കോൾവിനെ കുറച്ചുകാലം ജയിലിലടച്ചു. അടുത്ത വർഷം, മോണ്ട്ഗോമറിയിൽ ബസ് സീറ്റുകളുടെ വേർതിരിക്കൽ ചോദ്യം ചെയ്ത് കേസ് ഫയൽ ചെയ്ത നാല് കറുത്ത സ്ത്രീകളിൽ ഒരാളായി അവർ മാറി. തുടർന്ന് ഈ കേസിൽ വിജയം നേടുകയും ട്രെയിനുകൾ, വിമാനങ്ങൾ, ടാക്സികൾ എന്നിവയുൾപ്പെടെ യുഎസിലുടനീളമുള്ള പൊതുഗതാഗതത്തിൽ ഇത് മാറ്റെ കൊണ്ടുവരികയും ചെയ്തു.
റോസ പാർക്സിന്റെ പ്രതിഷേധം ലോകശ്രദ്ധ നേടിയെങ്കിലും, സമാനമായ പ്രവർത്തി ആദ്യം ചെയ്തത് കോൾവിൻ ആയിരുന്നു. അന്നത്തെ കാലത്ത് കൗമാരക്കാരിയായതിനാൽ പൗരാവകാശ നേതാക്കൾ അവരെ പ്രസ്ഥാനത്തിന്റെ മുഖമായി ഉയർത്തിക്കാട്ടാൻ മടിച്ചു. അമേരിക്കൻ ചരിത്രത്തിലെ വിവേചനത്തിനെതിരെ പൊരുതിയ വിസ്മരിക്കപ്പെട്ട നായികയായാണ് അവർ ഇന്ന് അറിയപ്പെടുന്നത്.
Claudette Colvin, the first black woman to refuse to give up her bus seat for white people, has passed away.















