‘രാജ്യത്തിനായി വീണ്ടും ആയുധമെടുക്കും’, ട്രംപിന് മുൻ ഗറില്ലാ പോരാളി കൂടിയായ കൊളംബിയൻ പ്രസിഡന്റിന്‍റെ മുന്നറിയിപ്പ്

ബെഗോട്ട: വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിന് പിന്നാലെ, അടുത്ത ലക്ഷ്യം കൊളംബിയ ആണെന്ന സൂചന നൽകിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ശക്തമായ മറുപടിയുമായി കൊളംബിയൻ പ്രസിഡന്‍റ് ഗുസ്താവോ പെട്രോ രംഗത്തെത്തി. അമേരിക്ക തന്നെയോ തന്റെ രാജ്യമോ ആക്രമിക്കാൻ മുതിർന്നാൽ പ്രതിരോധിക്കാനായി താൻ വീണ്ടും ആയുധമെടുക്കും എന്ന് മുൻ ഗറില്ലാ പോരാളി കൂടിയായ പെട്രോ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് അദ്ദേഹം ഈ കടുത്ത നിലപാട് വ്യക്തമാക്കിയത്.

“ഇനി ഒരിക്കലും ആയുധം തൊടില്ലെന്ന് ഞാൻ സത്യം ചെയ്തതാണ്… എന്നാൽ എന്റെ മാതൃരാജ്യത്തിന് വേണ്ടി ഞാൻ വീണ്ടും ആയുധമേന്തും,” പെട്രോ കുറിച്ചു. ജനപിന്തുണയുള്ള ഒരു പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചാൽ രാജ്യത്ത് വലിയ ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കൊളംബിയയിലെ മയക്കുമരുന്ന് മാഫിയകൾക്കെതിരെ അമേരിക്ക സൈനിക നീക്കം നടത്തിയാൽ അത് നിരപരാധികളായ കുട്ടികളുടെ മരണത്തിന് കാരണമാകുമെന്നും ദശാബ്ദങ്ങളായി തുടരുന്ന ആഭ്യന്തര സംഘർഷങ്ങൾ വഷളാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഞായറാഴ്ച നടത്തിയ പ്രസ്താവനയിൽ ട്രംപ് പെട്രോയെ രൂക്ഷമായി വിമർശിച്ചിരുന്നു. “കൊക്കെയ്ൻ നിർമ്മിച്ച് അമേരിക്കയിൽ വിൽക്കാൻ താല്പര്യപ്പെടുന്ന ഒരു രോഗിയാണ് പെട്രോ, ഇത് അധികകാലം തുടരാൻ അനുവദിക്കില്ല” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. കൊളംബിയയിൽ ഒരു സൈനിക നീക്കം നടത്താൻ പദ്ധതിയുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് “അതൊരു നല്ല കാര്യമായി എനിക്ക് തോന്നുന്നു” എന്നാണ് ട്രംപ് മറുപടി നൽകിയത്.

More Stories from this section

family-dental
witywide