
വാഷിംഗ്ടൺ: യുഎസ് ഇമിഗ്രേഷൻ അധികൃതർ (ICE) കസ്റ്റഡിയിലെടുത്ത കൊളംബിയ സർവ്വകലാശാലാ വിദ്യാർത്ഥിനിയെ വിട്ടയച്ചു. അസർബൈജാനിൽ നിന്നുള്ള എൽമിന (എല്ലി) അഗായേവ എന്ന വിദ്യാർത്ഥിനിയെയാണ് വ്യാഴാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തത്. ഇതേത്തുടർന്ന് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി പ്രസിഡൻ്റ് ഡോണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വിദ്യാർത്ഥിനിയെ വിട്ടയച്ചത്.
കാണാതായ ഒരു കുട്ടിയെ അന്വേഷിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇമിഗ്രേഷൻ ഏജൻ്റുമാർ സർവ്വകലാശാലയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവേശിച്ചതെന്ന് കൊളംബിയ സർവ്വകലാശാല അധികൃതർ ആരോപിച്ചു.
ഭവന പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ വൈറ്റ് ഹൗസിലെത്തിയ മേയർ മംദാനി, ഈ വിഷയം ട്രംപിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥിനിയെ ഉടൻ വിട്ടയക്കാമെന്ന് ട്രംപ് മംദാനിക്ക് ഉറപ്പുനൽകുകയായിരുന്നു. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ അഗായേവയെ വിട്ടയച്ചു. താൻ സുരക്ഷിതയാണെന്ന് അവർ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു.
Just got off the phone with President Trump.
— Mayor Zohran Kwame Mamdani (@NYCMayor) February 26, 2026
In our meeting earlier, I shared my concerns about Columbia student Elmina Aghayeva, who was detained by ICE this morning.
He has just informed me that she will be released imminently. https://t.co/rvmTWpq83r
വിസ കാലാവധി കഴിഞ്ഞതിനാലാണ് നടപടിയെടുത്തതെന്നാണ് ഇമിഗ്രേഷൻ വിഭാഗം (DHS) വ്യക്തമാക്കിയത്. എന്നാൽ ഉദ്യോഗസ്ഥർ തെറ്റായ ഐഡന്റിറ്റി കാണിച്ചാണ് സർവ്വകലാശാലയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ കയറിയതെന്ന ആരോപണം അവർ നിഷേധിച്ചു.
Columbia University student detained by US immigration authorities released; release comes after Mandani meets Trump















