
തിരുവനന്തപുരം: സംസ്ഥാനത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിതരണ പ്രതിസന്ധി അതീവ ഗുരുതരമാകുന്നു. സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്തെ പകുതിയോളം ഹോട്ടലുകളും റെസ്റ്റോറൻ്റുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് വിതരണ ശൃംഖലയിലുണ്ടായ തടസ്സമാണ് പെട്ടെന്നുള്ള ഈ പ്രതിസന്ധിക്ക് കാരണമായത്.
സിലിണ്ടറുകൾ ലഭിക്കാത്തതിനെത്തുടർന്ന് തിരുവനന്തപുരം, കൊച്ചി തുടങ്ങിയ നഗരങ്ങളിലെ നിരവധി ഹോട്ടലുകൾ ഇതിനോടകം അടച്ചുപൂട്ടി. തുറന്നുപ്രവർത്തിക്കുന്ന പലയിടങ്ങളിലും മെനു പകുതിയായി വെട്ടിച്ചുരുക്കി.
ഹോട്ടലുകൾ കൂട്ടത്തോടെ അടച്ചതോടെ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള ഓൺലൈൻ ഭക്ഷണ വിതരണം 50 ശതമാനത്തോളം കുറഞ്ഞു. ഇത് ഉപഭോക്താക്കളെയും ഡെലിവറി തൊഴിലാളികളെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. ടെക്‌നോപാർക്ക് ഉൾപ്പെടെയുള്ള ഐടി പാർക്കുകളിലെ കാൻ്റീനുകൾ പ്രവർത്തനരഹിതമായതോടെ ജീവനക്കാർ ദുരിതത്തിലായി. ഇതേത്തുടർന്ന് പല കമ്പനികളും ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’അനുവദിക്കാൻ ആലോചിക്കുന്നുണ്ട്.
സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. വിതരണത്തിലെ അപാകതകൾ പരിഹരിക്കാൻ ഒരു ‘വാർ റൂം’ സജ്ജമാക്കിയിട്ടുണ്ട്. വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം മുതലെടുത്ത് ഗാർഹിക സിലിണ്ടറുകൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ പരിശോധന ശക്തമാക്കി. നിയമം ലംഘിക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ നിർദ്ദേശമുണ്ട്.
കേന്ദ്ര മന്ത്രാലയത്തിൻ്റെ ഇടപെടലിനെത്തുടർന്ന് വിതരണത്തിൽ ചെറിയ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, വിപണിയിൽ സിലിണ്ടറുകൾ സാധാരണ നിലയിൽ ലഭ്യമാകാൻ ഇനിയും ദിവസങ്ങൾ എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Commercial cylinder supply crisis deepens: Hotels are closing in the state; food supply disrupted













